മനാമ: വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ ബഹ്റൈൻ നയതന്ത്ര ദിനാചരണം സംഘടിപ്പിച്ചു. ജനുവരി 14 ബഹ്റൈൻ നയതന്ത്ര ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചടങ്ങ് ഒരുക്കിയത്. ഗൾഫ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷത വഹിച്ചു. മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ ബഹ്റൈനിലുള്ള വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, നയതന്ത്ര പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ മന്ത്രി സദസ്സിന് കൈമാറി. വിവിധ രാജ്യങ്ങളുമായി ബഹ്റൈൻ പുലർത്തുന്ന നയതന്ത്രബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ബഹ്റൈനിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാർക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
എല്ലാ രാജ്യങ്ങളുമായും തുറന്ന സൗഹാർദമാണ് ബഹ്റൈൻ കാത്തുസൂക്ഷിക്കുന്നതെന്നും അതിന് കോട്ടം വരാതിരിക്കാൻ ജാഗ്രത പാലിക്കുന്നുണ്ടെന്നും ഭരണാധികാരികളുടെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.