റൂട്ട്സ് വേൾഡ് 2024 സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽനിന്ന്
മനാമ: 2026 ഓടെ ലക്ഷ്യസ്ഥാനങ്ങൾ നൂറായി ഉയർത്താൻ ലക്ഷ്യമിട്ട് ബഹ്റൈൻ ഇന്ററർനാഷനൽ എയർപോർട്ട്. ആഗോള സർവിസ് ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഗൾഫ് മേഖലയിലെ പ്രധാന വ്യോമയാനകേന്ദ്രമായി മാറാനുള്ള ബഹ്റൈന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കാബി പറഞ്ഞു. റൂട്ട്സ് വേൾഡ് 2024 സമ്മേളനവേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടന്ന മൂന്ന് ദിവസത്തെ റൂട്ട്സ് വേൾഡ് സമ്മേളനം വിജയകരമായി സമാപിച്ചു. പരിപാടിയിൽ ലോകമെമ്പാടുമുള്ള 230 എയർലൈനുകളിൽനിന്നും 530 വിമാനത്താവളങ്ങളിൽനിന്നുമായി 2,400 പ്രതിനിധികളാണ് പങ്കെടുത്തത്.ഇവന്റിന്റെ 29ാം പതിപ്പിൽ പങ്കെടുത്തവർ വ്യോമയാനരംഗത്തെ ആധുനിക പ്രവണതകൾ ചർച്ച ചെയ്തു.
ആഗോള വ്യോമയാന വ്യവസായത്തിന്റെ ഭാവി സംബന്ധിച്ച നിർണായക നടപടികളെ സംബന്ധിച്ചും ചർച്ച നടന്നു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ), ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് എന്നിവയുമായി സഹകരിച്ച് ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) നിയന്ത്രിക്കുന്ന ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.
കോൺഫറൻസുകൾക്കും പ്രദർശനങ്ങൾക്കുമുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമാകാൻ ബഹ്റൈന് ഈ സമ്മേളനം അവസരമൊരുക്കി. അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഒരുപോലെ ആകർഷകമായ ലക്ഷ്യസ്ഥാനമായി ബഹ്റൈനെ പരിവർത്തനപ്പെടുത്താൻ പരിപാടി സഹായകമായെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.