മനാമ: മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിൽ ബഹ്റൈൻ മുൻനിരയിലാണെന്ന് കാബിനറ്റ് യോഗം വിലയിരുത്തി. അന്താരാഷ്ട്ര പത്ര സ്വാതന്ത്ര്യദിനമാചരിക്കുന്ന വേളയിലാണ് രാജ്യത്തെ മാധ്യമ മേഖലയുടെ സ്വാതന്ത്ര്യവും സുതാര്യതയും വിലയിരുത്തിയത്. ബഹ്റൈന്റെ വളർച്ചക്കും വികസനത്തിനും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന മുഴുവൻ മാധ്യമ പ്രവർത്തകർക്കും കാബിനറ്റ് ആശംസകൾ നേർന്നു.
മേയ് ദിനമാചരിക്കുന്ന വേളയിൽ ബഹ്റൈന്റെ നിർമാണത്തിലും പുരോഗതിയിലും വലിയ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് മേയ് ദിനാശംസകളും നേർന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ യു.എ.ഇ സന്ദർശനം വിലയിരുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ ഇതിടയാക്കുമെന്ന് വിലയിരുത്തുകയും ചെയ്തു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ഹമദ് രാജാവ് ചർച്ച നടത്തുകയും ചെയ്തിരുന്നു. അറബ് പാർലമെന്റ് യൂനിയന്റെ വികസന നേതൃ അവാർഡ് കരസ്ഥമാക്കിയ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയെ കാബിനറ്റ് പ്രത്യേകം പ്രശംസിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങൾക്കും കാഴ്ചപ്പാടുകൾക്കുമുള്ള അംഗീകാരമാണിത്. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്നും വിലയിരുത്തി. എക്സിബിഷൻ, സമ്മേളനം എന്നീ മേഖലകളിൽ കൂടുതൽ നവീകരണം വരുത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ കരടിന് കാബിനറ്റ് അംഗീകാരം നൽകി.
പുകയില ഉൽപന്നങ്ങളുടെ ഉപയോഗം തടയുന്നതിനുള്ള നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് അംഗീകരിച്ചു. മുനിസിപ്പൽ, കാർഷിക മന്ത്രാലയവും യു.എ.ഇ റീസൈക്ലിങ് ഗ്രൂപ്പുമായി സഹകരണക്കരാറിലൊപ്പുവെക്കുന്നതിനും അംഗീകാരമായി. ബഹ്റൈൻ യൂനിവേഴ്സിറ്റിയും യു.എസിലെ ബോസ്റ്റൺ യൂനിവേഴ്സിറ്റിയും തമ്മിൽ വിദ്യാഭ്യാസ മേഖലയിൽ സഹകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുന്നതിനും അംഗീകാരം നൽകി.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ യു.എസ് സന്ദർശനം, മേയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉന്നതരുടെ ബഹ്റൈൻ സന്ദർശനം, മേയിൽ വിദേശ രാജ്യങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ മന്ത്രിമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.
ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.