മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന എട്ടാമത് അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്കാരികോത്സവത്തിന്റെയും ഭാഗമായി സമാജം മലയാളം മിഷൻ പാഠശാല കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഭാഷ വ്യവഹാര രൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങളായ ‘അക്ഷരത്തോണി’ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളിലെ ഭാഷാ പഠിതാക്കൾക്കായി നടത്തുന്ന മത്സരത്തിൽ മലയാളം മിഷൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യവഹാര രൂപങ്ങളിലാണ് മത്സരം.
നിറച്ചാർത്ത്, പദ നിർമാണം, കവിതാപൂരണം, കത്തെഴുത്ത്, കഥയെഴുത്ത്, പത്രവാർത്ത, ആസ്വാദനക്കുറിപ്പ്, യാത്രാവിവരണം, ഉപന്യാസം എന്നീ വിഷയങ്ങളിലായി നടക്കുന്ന മത്സരത്തിൽ എഴുന്നൂറോളം കുട്ടികൾ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. ചലച്ചിത്ര ടെലിവിഷൻ താരവും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്താണ് അതിഥിയായി പങ്കെടുക്കുന്നത്.
കേരളത്തിലെ വിവിധ രുചി വൈവിധ്യങ്ങൾ സമ്മേളിക്കുന്ന ഫുഡ് ഫെസ്റ്റിവലും ഒരുക്കിയിട്ടുള്ളതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.