മനാമ: മലയാളത്തിന്റെ പ്രിയഗായിക കെ.എസ്. ചിത്രയുടെ 60ാം പിറന്നാൾ ആഘോഷിച്ച് ബഹ്റൈൻ മലയാളി സമൂഹം. കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2023ന്റെ ഭാഗമായി നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു അപ്രതീക്ഷിതമായി കേക്ക് മുറിച്ച് ആഘോഷം നടത്തിയത്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ശ്രീകുമാരൻ തമ്പി, സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള എന്നിവർ സംബന്ധിച്ചു.
ബഹ്റൈൻ പ്രവാസി സമൂഹത്തിന്റെ സ്നേഹം തന്നെ എന്നും അതിശയിപ്പിക്കുന്നതാണെന്ന് ചിത്ര പറഞ്ഞു. എല്ലാ വർഷവും സമാജത്തിന്റെ വേദിയിലെത്താറുണ്ടെങ്കിലും തന്റെ സംഗീതപരിപാടിക്ക് തിരക്ക് വർധിക്കുന്നതായാണ് കാണുന്നത്. എല്ലാവരുടെയും സ്നേഹത്തിന് നന്ദിയെന്നും ചിത്ര പറഞ്ഞു. ബോളിവുഡ് നൈറ്റ് എന്ന് പേരിട്ട സംഗീതപരിപാടി ശ്രവിക്കാൻ നൂറുകണക്കിനാളുകൾ സമാജം ഹാളിൽ എത്തിയിരുന്നു. ഹിന്ദി ഗാനങ്ങൾ കോർത്തിണക്കിയ പരിപാടിയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, കലാസ്വാദകരുടെ അഭ്യർഥന പ്രകാരം മലയാളം, തമിഴ് ഗാനങ്ങളും ചിത്ര ആലപിച്ചു. നിഷാദ്, യാസിൻ, വേദമിത്ര എന്നിവരും ചിത്രയോടൊപ്പം ഗാനങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.