മനാമ: സിറിയയിലെ വിനാശകരമായ ഭൂകമ്പത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ബഹ്റൈൻ ഡോക്ടർമാരുടെ സംഘത്തെ അയക്കും. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) സെക്രട്ടറി ജനറലും സിറിയയിലെയും തുർക്കിയയിലെയും ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിനുള്ള ദേശീയ സമിതി ചീഫ് എക്സിക്യൂട്ടീവുമായ ഡോ. മുസ്തഫ അൽ സെയ്ദും സിറിയൻ ഡോക്ടേഴ്സ് സിൻഡിക്കേറ്റ് കൗൺസിൽ മേധാവി ഡോ. ഗസൻ ഫാണ്ടിയുമായി ഇതുസംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവെച്ചു. ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി ചെയർമാൻ ഡോ. അമർ അൽ ദേരാസിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
സിറിയയിലെ ഭൂകമ്പം മൂലമുണ്ടായ പ്രത്യാഘാതങ്ങളും നാശനഷ്ടങ്ങളും ലഘൂകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ഹമദ് രാജാവിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് മെഡിക്കൽ സംഘത്തെ അയക്കുന്നത്. പ്രതിസന്ധിഘട്ടത്തിൽ സിറിയൻ ജനതയെ സഹായിക്കാനെടുത്ത തീരുമാനത്തിൽ തന്റെ അഗാധമായ അഭിനന്ദനം ഡോ. ഗസൻ ഫാണ്ടി ബഹ്റൈനെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു. ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനോടും സിറിയയിലെയും തുർക്കിയയിലെയും ഭൂകമ്പബാധിതരെ സഹായിക്കുന്നതിനുള്ള ദേശീയ സമിതിയോടും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. സിറിയയിലെയും തുർക്കിയയിലെയും ഭൂകമ്പബാധിതരായ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും അവർക്കാവശ്യമായ ദുരിതാശ്വാസ സാധനങ്ങൾ ബഹ്റൈൻ അയച്ചുകൊണ്ടിരിക്കുകയാണെന്നും ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി ചെയർമാൻ ഡോ. അമർ അൽ ദേരാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.