മന്ത്രിസഭായോഗം: പൊതുമുതല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം

മനാമ: പൊതുമുതല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ ഏജന്‍സികളോടും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017-18 വര്‍ഷത്തെ പൊതുബജറ്റ് പാര്‍ലമ​െൻറ്​ അംഗീകരിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. രാജ്യത്തെ സാമ്പത്തികാവസ്ഥ മനസിലാക്കുകയും സര്‍ക്കാറുമായി സഹകരിക്കുകയും ചെയ്യുന്നതില്‍ പാര്‍ലമ​െൻറ്​ മാതൃകാപരമായ നിലപാടാണ് കൈക്കൊള്ളുന്നത്. സര്‍ക്കാറും  പാര്‍ലമ​െൻറും തമ്മിലുള്ള സഹകരണം രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണകരമാകും. 
കുറഞ്ഞ വരുമാനക്കാര്‍ക്ക് സഹായം ഉറപ്പുവരുത്തുന്നതിനും സ്വദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ചെലവ് ചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്​. പൊതുമുതല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും വേണം. ഇതിൽ മന്ത്രാലയങ്ങള്‍ ശ്രദ്ധ പുലർത്തണം. സാമ്പത്തിക സ്രോതസുകള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും.  മന്ത്രാലയ ചെലവുകള്‍ നിരീക്ഷിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ബജറ്റിൽ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ബജറ്റില്‍ മുന്‍ഗണന നല്‍കിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കും. സ്വദേശികളുടെ ദൈനംദിന ജീവിതം ആയാസരഹിതമാക്കുന്നതിനാവശ്യമായ ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കും. ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിനും പാര്‍പ്പിട, വിദ്യാഭ്യാസ, സാമൂഹിക സേവന മേഖലകളില്‍ സ്വദേശികള്‍ക്ക് മെച്ചപ്പെട്ട പരിഗണന ലഭിക്കുന്നതിനും ശ്രമിക്കും. സ്വകാര്യ മേഖലക്ക്  പ്രോത്സാഹനം നല്‍കുകയും രാജ്യത്തി​​െൻറ സാമ്പത്തിക വളര്‍ച്ചക്ക് അവരുടെ ക്രിതാത്മക സഹകരണം ഉറപ്പാക്കുകയും ചെയ്യും. രാജ്യത്തി​​െൻറ സര്‍വതോന്മുഖമായ വളര്‍ച്ചക്ക് ജി.സി.സി സഹായം സ്വീകരിക്കുകയും അതുവഴി വിവിധ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും.
 കഴിഞ്ഞ വെള്ളിയാഴ്​ച മസ്ജിദുല്‍ അഖ്‌സയില്‍ ജുമുഅ നമസ്‌കാരം നിരോധിച്ച നടപടിയെ കാബിനറ്റ് ശക്തമായി അപലപിച്ചു. വിശുദ്ധ ഗേഹത്തി​​െൻറ പവിത്രത നശിപ്പിക്കാനും ആരാധന സ്വാതന്ത്ര്യം തടസ്സപ്പെടുത്താനും ശ്രമിക്കുന്ന ഇസ്രായേൽ നടപടി അവസാനിപ്പിക്കണമെന്നും അവർ  അന്താരാഷ്​ട്ര കരാറുകള്‍ പാലിക്കാൻ തയാറാകണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. സൗദിയിലെ ഖത്തീഫ് പ്രവിശ്യയിലുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ചു. ഈജിപ്​തിൽ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെയും അപലപിച്ചു. 
ജനുസാന്‍ പ്രദേശവാസികളുടെ വിവിധ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. മുഹറഖില്‍ യൂനിവേഴ്‌സിറ്റിയടക്കമുള്ള വിവിധ പദ്ധതികള്‍ക്ക് തുടക്കമിടാൻ നിര്‍ദേശം നല്‍കി. മന്ത്രാലയങ്ങളുടെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്താനും അത് ചരിത്രത്തില്‍ ഉള്‍ക്കൊള്ളിക്കും വിധം സമാഹരിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഓരോ മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ച പ്രമുഖ വ്യക്തികളുടെ സേവനങ്ങള്‍ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. 
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 230 ബഹ്‌റൈനി നഴ്‌സുമാര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് തുടക്കമിടാൻ നിര്‍ദേശിച്ചു. മുന്‍ ബജറ്റ്​ നിർദേശം അനുസരിച്ച്​ 430 സ്വദേശി നഴ്‌സുമാര്‍ക്ക്   തൊഴില്‍ നല്‍കിയിട്ടുണ്ട്​. ജനങ്ങളുടെ പാര്‍പ്പിട പ്രശ്​നത്തിന്​ മുന്തിയ പരിഗണന നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 1960 മുതല്‍ 2017 വരെയുള്ള കാലയളവില്‍ പാര്‍പ്പിട മന്ത്രാലയം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇക്കാലയളവിൽ 2,70,000 ത്തോളം സ്വദേശികള്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.  വീട് പുനരുദ്ധരിക്കാനും പുതിയ വീട് വാങ്ങാനുമായി 65,000 പേര്‍ക്ക് വായ്​പ നല്‍കാനും കഴിഞ്ഞിട്ടുണ്ട്. 
12,000 പേര്‍ക്ക് പാര്‍പ്പിട നിര്‍മാണത്തിന് ഭൂമി അനുവദിക്കാനും സാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
കാബിനറ്റ് തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.  
 
Tags:    
News Summary - bahrain ministry meeting-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.