മനാമ: കേരളം എന്ന മലയാളിയുടെ മാതൃഭൂമിയെക്കുറിച്ച് ഓർക്കുമ്പോൾ അതിനൊപ്പം ചേർത്തുവായിക്കേണ്ട പ്രമുഖമായ രണ്ട് നാമധേയങ്ങളാണ് ഇ.എം.എസും എ.കെ.ജിയുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ. ബഹ്റൈൻ പ്രതിഭ നടത്തിയ ‘ഇ.എം.എസ് -എ.കെ.ജി ആധുനിക കേരളത്തിന്റെ ശില്പികൾ’ എന്ന അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ രൂഢമൂലമായ ജാതി ആചാരങ്ങൾക്കും അയിത്ത ബോധത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ പടപൊരുതിയ രാജാറാം മോഹൻ റായ്, വിവേകാനന്ദൻ, ആറാട്ടുപുഴ വേലായുധ പണിക്കർ എന്നീ മഹാന്മാർക്കൊപ്പമോ അതിലുമുയരത്തിലോ സാമൂഹിക പുരോഗതിക്കായി പ്രവർത്തിച്ച ധീര വിപ്ലവകാരിയായിരുന്നു ഇ.എം.എസ്. ആധുനിക കേരളം ഇന്ന് കാണുന്ന വികസന കുതിപ്പിലേക്ക് എത്തിച്ചേരാൻ ഇ.എം.എസിന്റെ ദീർഘദർശിത്വമായ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.
പാവങ്ങളുടെ പടത്തലവനെന്ന് കേരളീയരാൽ വിശേഷിപ്പിക്കപ്പെട്ട എ.കെ.ജി ചെയ്ത സമരങ്ങൾ ഒന്നുംതന്നെ കമ്യൂണിസ്റ്റ് പാർട്ടികൾക്കുമാത്രം വേണ്ടിയായിരുന്നില്ല. കേരളീയ ജനതക്കൊപ്പം നിലകൊണ്ട അത്യപൂർവമായ വ്യക്തിത്വങ്ങളെ സ്മരിച്ചുകൊണ്ട് നിലകൊള്ളുക എന്നതിനർഥം അവർ ഏറ്റെടുത്ത സാമൂഹിക വികാസ പ്രകിയയിൽ അണിചേരുക എന്നതാണെന്നും കെ.പി. സതീഷ് ചന്ദ്രൻ കൂട്ടിച്ചേർത്തു. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, ജനറൽ സെക്രട്ടറി പ്രദീപ് പതേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.