മനാമ: ബഹ്റൈൻ പ്രതിഭ 40ാം വാർഷികാഘോഷം ഡിസംബർ 12,13 തീയതികളിൽ നടക്കും. സഗയ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വിവിധങ്ങളായ പരിപാടികളോടെയാണ് ആഘോഷമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രവാസി സമൂഹത്തിന്റെ സാംസ്കാരികവും ബൗദ്ധികവുമായ ചരിത്രത്തിൽ എന്നെന്നും അടയാളപ്പെടത്തുംവിധം അതുല്യമായ ക്വിസ് ഷോ, കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന സാംസ്കാരിക പരിപാടി, നാടകാവതരണം. അവാർഡ് വിതരണ ചടങ്ങ് എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന‘ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ്’ എന്ന വിജ്ഞാന മത്സരപരിപാടിയാണ് 40ാം വാർഷികത്തിന്റെ മുഖ്യ ആകർഷണം.
പ്രവാസി മലയാളികൾക്ക് അവരുടെ അറിവും വൈദഗ്ധ്യവും പ്രദർശിപ്പിക്കാൻ ഉപകരിക്കുന്ന ഈ വേദിയിൽ 500 മത്സരാർഥികളാണ് മാറ്റുരക്കുക. ബഹ്റൈനിലെ മലയാളി സമൂഹത്തിലെ പ്രതിഭയെ കണ്ടെത്താനും ആഘോഷിക്കാനും ലക്ഷ്യമിട്ടുള്ള ജി.എസ്. പ്രദീപ് ഷോ ഡിസംബർ12ന് വൈകീട്ട് ഏഴിനാരംഭിക്കും.
മൂന്ന് മണിക്കൂറുള്ള ഈ പരിപാടിക്ക് പ്രതിഭയുടെ 4000 അംഗങ്ങളും പൊതുജനങ്ങളും കാണികളാകും. വിജയിക്ക് ബഹ്റൈൻ മലയാളി ജീനിയസ് എവർ റോളിങ് ട്രോഫിയും 1,11,111 രൂപ കാഷ് പ്രൈസും ലഭിക്കും. മറ്റ് അഞ്ച് ഫൈനലിസ്റ്റുകൾക്ക് 11,111 ഇന്ത്യൻ രൂപ വീതം ലഭിക്കും
സമാപന ദിവസമായ ഡിസംബർ 13ന് നടക്കുന്ന പരിപാടികൾ വൈകീട്ട് 5.30 മുതൽ ആരംഭിക്കും. കേരള വ്യവസായ മന്ത്രി പി.രാജീവ് മുഖ്യാതിഥിയായിരിക്കും. ബഹ്റൈനിലെയും കേരളത്തിലെയും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ഉന്നതർ പങ്കെടുക്കും.
തുടർന്ന് പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിവിധ കഥകളെ ആസ്പദമാക്കി അന്തരിച്ച നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ രൂപപ്പെടുത്തിയ ‘മഹാസാഗരം’ നാടകം പ്രതിഭ നാടകസംഘം അരങ്ങിലെത്തിക്കും. പ്രതിഭ അംഗവും ബഹ്റൈനിലെ നാടക കലാകാരനും പ്രശാന്ത് നാരായണന് കീഴിൽ മഹാസാഗരത്തിൽ വേഷമിടുകയും ചെയ്ത വിനോദ് വി. ദേവനാണ് നാടകം സംവിധാനം ചെയ്യുന്നത്.
കേരളീയ സമാജത്തിൽ നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്നരീതിയിലാണ് ഇരിപ്പിട സൗകര്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗങ്ങളായ എൻ.കെ. വീരമണി, ഷെരീഫ് കോഴിക്കോട്, കേന്ദ്ര കമ്മിറ്റിയംഗം നിഷ സതീശ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.