മനാമ: ബഹ്റൈൻ പ്രതിഭ നാടക അവാർഡ് പ്രഖ്യാപനം നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടക്കും. നാടക രചനക്ക് മാത്രമായി അന്തർദേശീയ അവാർഡാണ് പ്രതിഭ ഏർപ്പെടുത്തുന്നത്. ഇരുപത്തയ്യായിരം രൂപയും ഫലകവുമടങ്ങിയ അവാർഡ് ലോകത്തിലാകെ പരന്ന് കിടക്കുന്ന മലയാള നാടക രചയിതാക്കളെ പ്രോത്സാഹിപ്പിക്കാനും അതുവഴി മികച്ച നാടകങ്ങൾ കണ്ടെത്താനും വേണ്ടിയാണ്.
‘ഭഗവാന്റെ പള്ളി നായാട്ട്’ എന്ന രചനയിലൂടെ രാജശേഖരൻ ഓണത്തുരുത്താണ് ബഹ്റൈൻ പ്രതിഭ പ്രഥമ നാടക അവാർഡിന് അർഹനായത്. തുടർന്നുള്ള വർഷം ബ്ലാക്ക് ബട്ടർഫ്ലൈസ് എന്ന രചനയിലൂടെ സതീഷ്. കെ. സതീഷ് സമ്മാനിതനായി. 2024ലെ അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കാനായുള്ള ബഹ്റൈൻ പ്രതിഭ നാടക രചന മത്സരത്തിന് 39 കൃതികളാണ് ലഭിച്ചത്.
2023ൽ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ മൗലിക രചനകളെയാണ് അവാർഡിനായി പരിഗണിച്ചത്. കവിയും ചിന്തകനും സാഹിത്യ അക്കാദമി ചെയർമാനുമായ കെ.സച്ചിദാനന്ദൻ ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുക.
മൺമറഞ്ഞ നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ പേരിൽ ഓടിൽ തീർത്ത ഫലകം രൂപകല്പന ചെയ്തത് ചിത്രകാരനും പ്രസിദ്ധ നാടക പ്രവർത്തകനുമായ ഡോ. സാംകുട്ടി പട്ടംകരിയാണ്. കണ്ണൂരിലെ പ്രസിദ്ധ ശിൽപി പ്രവീൺ രുഗ്മയാണ് ഫലകം നിർമിച്ചിരിക്കുന്നത്.
നാടക അവാർഡ് ജേതാവിനെ നവംബർ ഒന്നിന് സൽമാനിയയിലെ പ്രതിഭ സെന്ററിൽ പ്രഖ്യാപിക്കും. 2024ലെ നാടക പുരസ്കാരത്തിനായി കൃതികൾ അയച്ച സ്ഥിര പ്രതിഷ്ഠരും നവാഗതരുമായ മുഴുവൻ നാടകകൃത്തുക്കളെയും അഭിനന്ദിക്കുന്നതായി പ്രതിഭ ഭാരവാഹികളായ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, നാടക വേദി കൺവീനർ എൻ.കെ. അശോകൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.