മനാമ: നാടക രചനക്കുള്ള ബഹ്റൈൻ പ്രതിഭയുടെ അന്തർദേശീയ അവാർഡ് പ്രഫ. ചന്ദ്രദാസന്‍ ലഭിച്ചു. അദ്ദേഹം രചിച്ച ‘റിയലി സോറി ഇതൊരു ഷേക്സ്പിയർ നാടകമല്ല’ എന്ന നാടകമാണ് അവാർഡിന് അർഹമായതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ അധ്യക്ഷനും ഡോ. സാംകുട്ടി പട്ടംകരി അംഗവുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25000 രൂപയും മൺമറഞ്ഞ നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ പേരിൽ ഓടിൽ തീർത്ത ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
കൊച്ചി ലോകധർമി തിയറ്റര്‍ ഗ്രൂപ് ഡയറക്ടര്‍കൂടിയായ പ്രഫ. ചന്ദ്രദാസൻ നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഫലകം രൂപ കൽപന ചെയ്തതും ചിത്രകാരൻകൂടിയായ ഡോ. സാംകുട്ടി പട്ടംകരിയാണ്. കണ്ണൂരിലെ പ്രസിദ്ധ ശിൽപി പ്രവീൺ രുഗ്മയാണ് ഫലകം നിർമിച്ചത്. 39 എൻട്രികളിൽ അഞ്ചു നാടകങ്ങളാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രവാസലോകത്ത് നാടകത്തിന്റെ പരിപോഷണത്തിനായി പലവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘടനയാണ് ബഹ്റൈൻ പ്രതിഭയെന്നും അത്തരം നാടക അനുഭവങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതാണ് മലയാള നാടക രചനക്ക് മാത്രമായി ഒരു അന്തർദേശീയ മത്സര അവാർഡ് എന്നും ഭാരവാഹികൾ പറഞ്ഞു. 2023ൽ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ മൗലിക രചനകളെയാണ് അവാർഡിനായി പരിഗണിച്ചത്.
ഭഗവാന്റെ പള്ളി നായാട്ട് എന്ന രചനയിലൂടെ രാജശേഖരൻ ഓണത്തുരുത്താണ് ബഹ്റൈൻ പ്രതിഭ പ്രഥമ നാടക അവാർഡിന് അർഹനായത്. തുടർന്നുള്ള വർഷം ബ്ലാക്ക് ബട്ടർഫ്ലൈസ് എന്ന രചനയിലൂടെ സതീഷ് കെ. സതീഷ് സമ്മാനിതനായി.
റഫീഖ് മംഗലശ്ശേരിയുടെ ഖബറുകൾക്ക് പറയാനുള്ളത്, വിമീഷ് മണിയൂര്‍ രചിച്ച ഉണ്ടയുടെ പ്രേതം, ശ്രീധരന് സംഘമിത്ര രചിച്ച സഖാവ് അരാക്കല്‍- മൊറാഴ സമരനായകന്, ശരത് ചന്ദ്രൻ. എന്‍ രചിച്ച ഗന്ധ ചരിതം എന്നീ നാടകങ്ങളും അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വാർത്തസമ്മേളനത്തിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, നാടകവേദി കൺവീനർ എൻ.കെ. അശോകൻ, രക്ഷാധികാരി സമിതി അംഗം എൻ.കെ. വീര മണി, കേന്ദ്ര കമ്മിറ്റി അംഗം നിഷ സതീശ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.