മനാമ: ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബഹ്റൈൻ-ഖത്തർ കോസ്വേ പദ്ധതി സംബന്ധിച്ച് നിർണായക ചർച്ച നടന്നു. കഴിഞ്ഞദിവസം നടന്ന സുപ്രധാന യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ഇക്കാര്യം സംബന്ധിച്ച് വിശദമായി ചർച്ച നടത്തി.
ഗുദൈബിയ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. ബഹ്റൈൻ-ഖത്തർ പങ്കാളിത്തവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുവരും ചർച്ചചെയ്തു.
ഗസ്സ മുനമ്പിലെ സംഘർഷം ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചാവിഷയമായി. യുദ്ധം അവസാനിപ്പിക്കുക, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുക, ബന്ദികളാക്കിയവരെയും തടവുകാരെയും മോചിപ്പിക്കുക, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി ഗസ്സ മുനമ്പിലേക്ക് സഹായം എത്തിക്കുന്നതിന് സുരക്ഷിത വഴികൾ തുറക്കുക എന്നീ ആവശ്യങ്ങൾ ഇരുവരും ഉന്നയിച്ചു.
ഖത്തറിന് പുരോഗതിയും സമൃദ്ധിയുമുണ്ടാകട്ടെ എന്ന് കിരീടാവകാശി ആശംസിച്ചു. ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കും പ്രയോജനം ലഭിക്കുന്ന രീതിയിൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, പ്രിൻസ് സൽമാനെ നന്ദി അറിയിച്ചു.
ഹമദ് രാജാവിന്റെ മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുംവേണ്ടിയുള്ള പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, ധനകാര്യമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.