മനാമ: റമദാൻ വ്രതാനുഷ്ഠാനത്തിന്റെ നിറവിൽ രാജ്യം അത്യഹ്ലാദപൂർവം ഈദുൽ ഫിത്ർ ആഘോഷിച്ചു. 15 മൈതാനങ്ങളിൽ ഈദ്ഗാഹുകൾ നടന്നു. പള്ളികളിലും ആയിരക്കണക്കിനാളുകൾ ഈദ് നമസ്കാരം നടത്തി. സൗഹാർദത്തിനും സമാധാനത്തിനും ഇസ്ലാം കൽപിക്കുന്ന പ്രതിബദ്ധതയെപ്പറ്റി ഖത്തീബുമാർ പ്രസംഗങ്ങളിൽ ഊന്നിപ്പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, എന്നിവർക്കും രാജ്യത്തിനും ജനങ്ങൾക്കും ഈദ് ആശംസ നേരുകയും ചെയ്തു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സാ ഖിർ പാലസ് മസ്ജിദിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചു. രാജകുടുംബാംഗങ്ങളും ശൂറ കൗൺസിൽ ചെയർമാൻ, പ്രതിനിധി കൗൺസിൽ സ്പീക്കർമാർ തുടങ്ങിയവരും പെരുന്നാൾ നമസ്കാരം നിർവഹിച്ചു. സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹജേരി നടത്തിയ ഈദ് അൽ ഫിത്ർ പ്രഭാഷണം ഹമദ് രാജാവ് ശ്രവിച്ചു.
മുഹറഖ്, ബുസൈതീൻ, അറാദ്, ഹിദ്ദ്, ടൂബ്ലി, ഈസ ടൗൺ, സൽമാനിയ, വെസ്റ്റ് റിഫ, സനദ്, അസ്കർ, ഹമദ് ടൗൺ, ബുദയ്യ, സൽമാൻ സിറ്റി തുടങ്ങിയ 15 ഇടങ്ങളിലാണ് പൊതു ഈദ് ഗാഹുകൾ ഒരുക്കിയിരുന്നത്. ഈസ ടൗൺ ഇന്ത്യൻ സ്കൂൾ, ഉമ്മു ഐമൻ സ്കൂൾ, ഉമ്മുൽ ഹസം ക്ലബ്, ഹിദ്ദ് സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ മലയാളികളുടെ ആഭിമുഖ്യത്തിൽ ഈദ്ഗാഹുകൾ നടന്നു.
തമിഴ് സമൂഹത്തിനായി അബ്ദുറഹ്മാൻ അദ്ദാഖിൽ സ്കൂൾ, ഉർദു സംസാരിക്കുന്നവർക്കായി മുഹറഖിലെ അൽ ഇസ്തിഖ്ലാൽ സെക്കൻഡറി ഗേൾസ് സ്കൂൾ, ഹാലത് ഉമ്മുൽ ബീദ് മൈതാനം, അഹ്മദ് അൽ ഫാതിഹ് പ്രൈമറി ബോയ്സ് സ്കൂൾ, മനാമ മുനിസിപ്പൽ കാർ പാർക്കിങ് ഏരിയ എന്നിവിടങ്ങളിലും ബംഗ്ലാദേശികൾക്കായി സൽമാബാദ് കാർ പാർക്ക് ഏരിയ, വെസ്റ്റ് റിഫ സെക്കൻഡറി ബോയ്സ് സ്കൂൾ, മാലികിയ പ്രൈമറി ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലും ഈദ് ഗാഹുകൾ ഒരുക്കിയിരുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം പെരുന്നാൾ ആഘോഷത്തിന് നൂറുകണക്കിനാളുകളെത്തി. വീടുകളിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയും സന്തോഷം പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.