മനാമ: കായികപ്രേമികളെ ആവേശഭരിതരാക്കിക്കൊണ്ട് ഡി.പി വേൾഡ് ടൂറിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും. റോയൽ ഗോൾഫ് ക്ലബ്ബിൽ (ആർജിസി) 2024 ഫെബ്രുവരി 1 മുതൽ 4 വരെയാണ് ബഹ്റൈൻ ചാമ്പ്യൻഷിപ് അരങ്ങേറുന്നത്. ഡി.പി വേൾഡ് ഇന്റർനാഷനൽ ഗോൾഫ് ടൂറിന് ഹമദ് രാജാവ് രക്ഷാധികാരിയാകും.
ഇതോടെ ആഗോള തലത്തിൽ കായിക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി രാജ്യം ഒരിക്കൽ കൂടി മാറും. ദശലക്ഷക്കണക്കിന് വരുന്ന ആഗോള ടി.വി പ്രേക്ഷകരും ഗോൾഫ് മാമാങ്കത്തിന് സാക്ഷികളാകും. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫെസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, ഡി.പി വേൾഡ് ടൂറിന്റെ ചീഫ് എക്സിക്യൂട്ടിവ് കീത്ത് പെല്ലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ടൂറിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.
അന്താരാഷ്ട്ര ഗോൾഫ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ബഹ്റൈനിന്റെ പദവി വർധിപ്പിക്കുമെന്നും രാജ്യാന്തര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലുള്ള അതിന്റെ കഴിവുകൾ ഉയർത്തിക്കാട്ടുമെന്നും ശൈഖ് ഖാലിദ് പറഞ്ഞു. 26 രാജ്യങ്ങളിലായി 40 ലധികം ടൂർണമെന്റുകളാണ് സീസണിൽ നടക്കുന്നത്. പങ്കെടുക്കുന്നവർക്ക് മൊത്തം 148.5 മില്യൺ ഡോളറിന്റെ സമ്മാനത്തുകയാണ് ലഭിക്കുക. 2011-ൽ ബഹ്റൈനിൽ നടന്ന യൂറോപ്യൻ ടൂറിന്റെ ഉദ്ഘാടന വോൾവോ ഗോൾഫ് ചാമ്പ്യൻസ് ടൂർണമെന്റിനുശേഷം രാജ്യത്ത് അരങ്ങേറുന്ന ഏറ്റവും വലിയ ഗോൾഫ് മത്സരമാണിത്.
മിഡിലീസ്റ്റിലെ മോട്ടോർ സ്പോർട്ടിന്റെ ആസ്ഥാനമെന്ന നിലയിൽ ബഹ്റൈൻ മാറിയിട്ടുണ്ട്. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലെ ഫോർമുല 1 ബഹ്റൈൻ ഗ്രാൻഡ് പ്രീ ആഗോളതലത്തിൽ ശ്രദ്ധേയമാണ്. സാഖിറിലെ ഗ്രാൻഡ് പ്രീ സർക്യൂട്ട് 20-ാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. 2024 ലെ ഇവന്റ് അതിനാൽതന്നെ ശ്രദ്ധേയമാകും. ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ടു വരെയാണ് ഗ്രാൻഡ് പ്രീ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.