മനാമ: ബഹ്റൈൻ ടി.വി ന്യൂസ് സെന്ററിന്റെ പ്രധാന സ്റ്റുഡിയോയും സ്വകാര്യ റേഡിയോ ചാനലുകൾക്കു വേണ്ടിയുള്ള കെട്ടിടവും ഇസാ ടൗണിലെ ഇൻഫർമേഷൻ മന്ത്രാലയ പരിസരത്ത്, കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ ടെലിവിഷൻ സ്ഥാപിച്ചതിന്റെ 50ാം വാർഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം.
രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചക്കും വികസനത്തിനും ബഹ്റൈൻ ടി.വി നൽകിയ പിന്തുണ വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് രാജ്യത്തിന്റെ യശസ്സിനെയും നേട്ടങ്ങളെയും ബഹ്റൈൻ ടി.വി ഉയർത്തിപ്പിടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് അദ്ദേഹം ബഹ്റൈൻ ടി.വി ന്യൂസ് സെന്ററിലെ പ്രധാന സ്റ്റുഡിയോയും സ്വകാര്യ റേഡിയോ ചാനലുകളുടെ കെട്ടിടവും സന്ദർശിച്ചു.
അത്യാധുനിക ടെലിവിഷൻ, റേഡിയോ ഉപകരണങ്ങളും സാങ്കേതികവിദ്യയും അദ്ദേഹം വീക്ഷിച്ചു. ബഹ്റൈൻ ടി.വി ന്യൂസ് സെന്ററിന്റെയും സ്വകാര്യ റേഡിയോ ചാനലുകളുടെയും പ്രധാന സ്റ്റുഡിയോയുടെ ഉദ്ഘാടനം ബഹ്റൈനിലെ ദൃശ്യ-ശ്രാവ്യ മാധ്യമ മേഖലയെയും രാജ്യത്തിന്റെ മത്സരശേഷിയെയും മെച്ചപ്പെടുത്തുന്നുവെന്ന് കിരീടാവകാശി ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതികവിദ്യകൾ പിന്തുടരാൻ കഴിയുന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലും വിജയഗാഥകൾ സൃഷ്ടിച്ച ബഹ്റൈൻ ടീമിൽ രാജ്യം വിശ്വാസമർപ്പിക്കുകയാണ്. രാജ്യത്തിന്റെ മാധ്യമ മേഖലയുടെ ആഗോള പ്രസക്തിയും മത്സരക്ഷമതയും വർധിപ്പിക്കുന്നതുൾപ്പെടെ, രാജ്യത്തിന്റെ വികസനത്തെ പിന്തുണക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമാണ് സാങ്കേതികവിദ്യയെന്നും അദ്ദേഹം പറഞ്ഞു.
കിരീടാവകാശിയെ ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രി ഡോ. റംസാൻ അൽ നുഐമി സ്വാഗതം ചെയ്തു. ബഹ്റൈൻ ടി.വി ന്യൂസ് സെന്ററിന്റെ പ്രധാന സ്റ്റുഡിയോ നിലവിലുള്ള സ്റ്റുഡിയോയേക്കാൾ മൂന്നിരട്ടി വലുപ്പമുള്ളതാണ്. പ്രാദേശിക, പ്രാദേശിക, അന്തർദേശീയ പരിപാടികൾ ക്രിയാത്മകമായും കാര്യക്ഷമമായും സംപ്രേഷണം ചെയ്യുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൺസൽട്ടിങ് കമ്പനികളുടെ സഹായത്തോടെ പ്രാദേശിക വിദഗ്ധരാണ് പദ്ധതി നടപ്പാക്കിയത്.
ആധുനിക സ്റ്റുഡിയോകളിൽ ഉപയോഗിക്കുന്നതും പൊതുജനങ്ങളുമായി സംവദിക്കാൻ ആവശ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിക്കാൻ പ്രാപ്തമായതുമായ റേഡിയോ ഓവർ ഇന്റർനെറ്റ് പ്രോട്ടോകോളാണ് റേഡിയോ പ്രക്ഷേപണത്തിന് ഇവിടെ ഉപയോഗിക്കുക.
മനാമ: ബഹ്റൈൻ ടെലിവിഷൻ സ്ഥാപിച്ചതിന്റെ അമ്പതാണ്ട് പൂർത്തിയാകുന്ന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല ആൽ ഖലീഫ ആശംസ നേർന്നു.
കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തിന്റെ വിവിധ സംഭവവികാസങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബഹ്റൈൻ ടി.വി ചാനലിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് മാധ്യമ മേഖലയിലുണ്ടായ വളർച്ച ഏറെ ശ്രദ്ധേയമായിരുന്നു. ആധുനികവത്കരണം നടപ്പാക്കാനും പുതിയ രൂപത്തിൽ പ്രവർത്തന വൈവിധ്യമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്.
ബഹ്റൈന്റെ മാധ്യമ ചരിത്രത്തിൽ തുല്യതയില്ലാത്ത സേവനമാണ് ബഹ്റൈൻ ടി.വി കാഴ്ചവെച്ചത്. മുടക്കമില്ലാത്ത പ്രക്ഷേപണ ദിനങ്ങൾ ഇതിലേറ്റവും എടുത്തുപറയേണ്ടതാണ്. രാജ്യത്തിന്റെ കുതിപ്പിലും വളർച്ചയിലും സാക്ഷിയായി നിൽക്കാനും ചിത്രങ്ങളും വിഡിയോകളും ഒപ്പിയെടുക്കാനും കഴിഞ്ഞത് ചാരിതാർഥ്യജനകമാണ്.
രാജ്യത്തിനും ജനങ്ങൾക്കും ആത്മാർഥതയോടെ നിലനിൽക്കാൻ സാധിച്ചുവെന്നത് സംഭവ ബഹുലമായ അതിന്റെ പ്രയാണത്തിൽ അവിസ്മരണീയമാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ കാലം രാജ്യത്തിനും ജനങ്ങൾക്കുമായി ചടുലതയോടെ പ്രവർത്തിക്കാൻ ബഹ്റൈൻ ടി.വിക്ക് സാധ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.