മനാമ: മനുഷ്യക്കടത്തിനെതിരായ പ്രവർത്തനത്തിൽ തുടർച്ചയായ ആറാം വർഷവും ബഹ്റൈന് ഒന്നാം റാങ്ക്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ 2023ലെ റിപ്പോർട്ടിലാണ് ബഹ്റൈനെ ടയർ 1 പദവിയിൽ ഉൾപ്പെടുത്തിയത്. ടയർ 1 പദവിയിലുള്ള ഏക ജി.സി.സി രാജ്യവും ബഹ്റൈനാണ്. മറ്റ് നാല് ജി.സി.സി രാജ്യങ്ങൾ ടയർ 2ലും കുവൈത്ത് ടയർ 2 വാച്ച് ലിസ്റ്റിലുമാണ്. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള വിക്ടിംസ് പ്രൊട്ടക്ഷൻ ആക്ടിന്റെ മാനദണ്ഡങ്ങൾ പൂർണമായും ബഹ്റൈൻ പാലിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വാർഷിക റിപ്പോർട്ടിന്റെ 23ാം പതിപ്പിൽ 188 രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണുള്ളത്.
2022 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിലെ കണക്കുകളനുസരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, മനുഷ്യക്കടത്ത് വിരുദ്ധ ശ്രമങ്ങൾ ഗൗരവമായി നടപ്പാക്കുന്നതിന് ബഹ്റൈനെ പ്രശംസിച്ചു. തൊഴിൽ കടത്ത് കേസുകൾ അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നതിൽ രാജ്യം ശുഷ്കാന്തി കാണിച്ചിട്ടുണ്ട്. തൊഴിൽ കടത്തുകാരെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞവർഷം മൂന്നു തൊഴിൽ കടത്തു കേസ് പ്രതികളെ വിചാരണക്ക് വിധേയമാക്കിയിരുന്നു. ആരോപണവിധേയരായ 16 ലൈംഗിക കടത്തുകാരെയും പ്രോസിക്യൂട്ട് ചെയ്തു. 13 ലൈംഗിക കടത്തുകാരെ കോടതികൾ കുറ്റക്കാരായി കണ്ടെത്തി. മുൻ റിപ്പോർട്ടിങ് കാലയളവിൽ ഇത് 50 പേരായിരുന്നു. പ്രതികൾക്ക് ഒരു വർഷം മുതൽ 10 വർഷം വരെ തടവും പിഴയും വിധിച്ചു. സ്ത്രീകളെ ലൈംഗിക കടത്തിന് ഇരയാക്കിയ 22 പേരെ വിചാരണ ചെയ്ത് ശിക്ഷിച്ചു.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി റിപ്പോർട്ട് ചെയ്ത 40 പെൺവാണിഭ കേസുകൾ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യപ്പെട്ടു. ഇരകളെ തിരിച്ചയക്കുന്നതിന്റെ ചെലവുകൾ ശിക്ഷിക്കപ്പെട്ട കടത്തുകാരിൽനിന്ന് ഈടാക്കി. ശിക്ഷ കാലാവധി പൂർത്തിയാകുമ്പോൾ ബഹ്റൈനികളല്ലാത്ത എല്ലാ മനുഷ്യക്കടത്തുകാരെയും നാടുകടത്താൻ രാജ്യം തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. മനുഷ്യക്കടത്തിന് ഇരയായവർക്ക് എൽ.എം.ആർ.എ നടത്തുന്ന പ്രവാസി സംരക്ഷണ കേന്ദ്രത്തിൽ താമസമൊരുക്കി. ഇവർക്ക് കൗൺസലിങ്, മെഡിക്കൽ കെയർ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളും നൽകുന്നുണ്ട്. ഇരകൾക്ക് കേസുകൾ നടത്താനും സ്വദേശത്തേക്ക് പോകാനും സഹായം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.