മനാമ: അകാലത്തിൽ പൊലിഞ്ഞ നാടക പ്രവർത്തകനും മുൻ ബഹ്റൈൻ പ്രവാസിയുമായ ദിനേശ് കുറ്റിയിലിെൻറ ഓർമയിൽ വിതുമ്പുകയാണ് ബഹ്റൈൻ പ്രവാസികളും. നാടക യാത്രക്കിടെ കോവിഡും തുടർന്ന് ന്യുമോണിയയും പിടിപെട്ട ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ചെയ്തത് സ്ഥിതി വഷളാക്കി.
ദിനേശിെൻറ രോഗവിവരമറിഞ്ഞ് ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകൾ സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. ദിനേശ് രോഗമുക്തി നേടി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും കാത്തിരുന്ന പ്രിയപ്പെട്ടവരെ നൊമ്പരത്തിലാഴ്ത്തിയാണ് അദ്ദേഹം കടന്നുപോകുന്നത്.
വടകര സഹൃദയ വേദിയുടെ രൂപവത്കരണ കാലം മുതൽക്കേ ദിനേശുമായി ദൃഢമായ ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്ന് രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ രാമത്ത് ഹരിദാസ് പറഞ്ഞു. ''നാടക പ്രേമികൾക്ക് മാത്രമല്ല, തനിക്കും വ്യക്തിപരമായ വലിയ നഷ്ടമാണ് ദിനേശിെൻറ അകാലവിയോഗം. ബഹ്റൈൻ കേരളീയ സമാജത്തിൽ നാടകവും റിഹേഴ്സലും കഴിയുമ്പോഴേക്കും രാത്രി നേരം ഒട്ടേറെ വൈകിയിരിക്കും.
സിത്രയിൽ താമസിക്കുന്ന ദിനേശിന് പോകാൻ വാഹന സൗകര്യം ഇല്ലാതെ വരുമ്പോൾ വിളിക്കും. തെൻറ അടുക്കലേക്ക് വരുകയാണെന്നും വിളിക്കുമ്പോൾ വാതിൽ തുറക്കണമെന്നും പറഞ്ഞാണ് വിളിക്കുക. വ്യാഴാഴ്ച രാത്രിയാണ് വരുന്നതെങ്കിൽ പിന്നെ ശനിയാഴ്ച കാലത്താണ് പോവുക. ഫ്ലാറ്റിൽ എല്ലാവരോടും നല്ല സൗഹൃദമായിരിക്കും. മികച്ച കലാകാരൻ എന്ന നിലയിൽ വിശിഷ്ടാതിഥിയുടെ പരിഗണനയാണ് നൽകുക. ദിനേശിെൻറ പല നാടകവും കണ്ടവരാണ് അവരിൽ പലരും. ബഹ്റൈൻ വിട്ടുപോയിട്ടും നിരന്തരം ഫോണിൽ ബന്ധപ്പെടുമായിരുന്നു'' -രാമത്ത് ഹരിദാസ് പറഞ്ഞു.
14 വർഷത്തോളം ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ച ദിനേശ് രണ്ടുവർഷം മുമ്പാണ് നാട്ടിലേക്ക് തിരിച്ചുപോയത്. ബഹ്റൈനിൽ ഉണ്ടായിരുന്ന സമയത്ത് നാടകരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. നാടകത്തിന് പുറമേ, മൈം, മോണോ ആക്ട് എന്നിവയിലും അദ്ദേഹം കഴിവ് തെളിയിച്ചു. കലോത്സവങ്ങളിൽ കുട്ടികളുടെ ഗുരുവായും തിളങ്ങി. ലോക നാടക വാർത്തകൾ എന്ന കൂട്ടായ്മ സംഘടിപ്പിച്ച ആഗോള നാടക മത്സരത്തിൽ ദിനേശിെൻറ 'ദ ട്രാപ്പ്' എന്ന നാടകം ഒന്നാംസ്ഥാനം നേടിയിരുന്നു. മികച്ച രണ്ടാമത്തെ സംവിധായകനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
'മറുകര' എന്ന നാടകവും ഒട്ടേറെ സമ്മാനങ്ങൾ നേടി. നിരവധി പ്രഫഷനൽ, അമച്വർ നാടകങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നാടകങ്ങളിൽ സംവിധായകനായും നടനായും തിളങ്ങിയ ദിനേശ് ജി.സി.സി റേഡിയോ നാടക മത്സരത്തിൽ നാലു തവണയും നരേന്ദ്ര പ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ മൂന്നുതവണയും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് കാലത്ത് പ്രതിസന്ധി നേരിട്ട നാടക പ്രവർത്തകരുടെ അതിജീവനത്തിനായി ഒരുക്കിയ 'ബ്ലാക്ക് ഔട്ട്' എന്ന നാടക യാത്രയുടെ ഭാഗമായി തിരിച്ചെത്തിയപ്പോഴാണ് കോവിഡ് ബാധിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.