മനാമ: ബഹ്റൈൻ പ്രതിഭയുടെ പ്രഥമ നാടകപുരസ്കാരത്തിന് പ്രമുഖ നാടകരചയിതാവും സംവിധായകനുമായ രാജശേഖരൻ ഒാണംതുരുത്ത് അർഹനായി. 'ഭഗവാെൻറ പള്ളിനായാട്ട്' എന്ന നാടകമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ പ്രഫ. കെ. സച്ചിദാനന്ദന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രതിഭ നാടകവേദി പ്രത്യകം തയാറാക്കിയ ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബറില്‍ കേരളത്തിെൻറ സാംസ്കാരിക മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. 2019നുശേഷം രചിച്ച പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ മൗലികമായ മലയാള നാടകരചനകളാണ് അവാര്‍ഡിനായി ക്ഷണിച്ചത്. കേരള നാടകവേദിയിലെ അറിയപ്പെടുന്ന നാടക എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അയച്ച 21 രചനകളില്‍നിന്നാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
എല്ലാ വര്‍ഷവും കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന് പ്രതിഭ നാടക അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കുമെന്ന് പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് കാലത്ത് സാമ്പത്തികമായി പ്രതിസന്ധിയിലായ നാടക കലാകാരന്മാരുടെ കൂടെയാണ് ബഹ്റൈന്‍ പ്രതിഭ. അതിനാല്‍തന്നെ ഈ അവാര്‍ഡ് ചെറിയതോതിലെങ്കിലും മലയാള നാടകലോകത്തിന് ആശ്വാസം പകരുന്ന വാര്‍ത്തയാകുമെന്നാണ് പ്രതീക്ഷ. കഷ്ടത അനുഭവിക്കുന്ന മലയാള നാടക കലാകാരന്മാര്ക്ക് ആശ്വാസമാകുന്ന പരിപാടികളുമായി പ്രവാസലോകത്തിലെ മറ്റു സന്നദ്ധ സംഘടനകളും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അവാര്‍ഡിനോട് സഹകരിച്ച് പ്രവര്‍ത്തിച്ച പ്രശസ്ത നാടക പ്രവര്‍ത്തകനും സംവിധായകനുമായ ഡോ. സാം കുട്ടി പട്ടംകരിയോടുള്ള പ്രത്യേക കൃതജ്ഞതയും രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു. പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന് കുമാര്‍, പ്രസിഡൻറ് കെ.എം. സതീഷ്, നാടകവേദിയുടെ ചുമതലയുള്ള രക്ഷാധികാരി സമിതി അംഗം എം.കെ. വീരമണി, നാടക വേദി കണ്‍വീനര്‍ മനോജ് തേജസ്വിനി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.