മനാമ: ബഹ്റൈനിൽ ആരംഭിച്ച ഡിജിറ്റൽ വിസ സംവിധാനം പ്രവാസികളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്. വിസ പുതുക്കുമ്പോൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യിക്കുന്നതിനുള്ള പ്രയാസമാണ് ഇതിലൂടെ ഒഴിവാകുന്നത്. നിലവിൽ ഏജന്റുമാർ മുഖേനയാണ് മിക്കവരും സ്റ്റിക്കർ പതിച്ചിരുന്നത്. എൻ.പി.ആർ.എ സേവന കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫിസുകളിലുമാണ് ഇതിനുള്ള സൗകര്യമുണ്ടായിരുന്നത്. അഞ്ച് ദിനാർ മുതലാണ് സ്റ്റിക്കർ പതിച്ചുകിട്ടുന്നതിന് ഏജന്റുമാർ ഫീസ് ഈടാക്കിയിരുന്നത്. ഇനിമുതൽ ഈ ചെലവ് ലാഭിക്കാൻ പ്രവാസികൾക്ക് കഴിയും.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഡിജിറ്റൽ റസിഡൻസി സംവിധാനം ബഹ്റൈനിൽ പ്രാബല്യത്തിൽ വന്നത്. ഇനിമുതൽ വിസ പുതുക്കുമ്പോൾ www.bahrain.bh എന്ന വെബ്സൈറ്റിൽനിന്ന് ക്യൂ.ആർ കോഡ് പതിച്ച റസിഡൻസി പെർമിറ്റ് ലഭിക്കും. ഇതിന്റെ പ്രിന്റ് എടുത്ത് കൈവശം സൂക്ഷിക്കണം. മൊബൈലിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാം.
വിദേശങ്ങളിൽനിന്ന് വരുമ്പോൾ പ്രിന്റൗട്ടോ മൊബൈൽ ഫോണിലെ കോപ്പിയോ ആണ് വിമാനത്താവളത്തിൽ കാണിക്കേണ്ടത്. ഇലക്ട്രോണിക് കീ സർവിസ് (ഇ-കീ) മുഖേന ഇമിഗ്രേഷൻ അധികൃതർക്ക് വിസ സംബന്ധിച്ച പൂർണവിവരങ്ങൾ ലഭ്യമാകും.
വിമാനത്താവളങ്ങളിൽ ക്യൂ.ആർ കോഡ് പരിശോധിച്ച് വിസസാധുത ഉറപ്പുവരുത്താൻ കൂടുതൽ സമയം എടുത്തേക്കാമെന്നതിനാൽ യാത്രക്കാർ നേരത്തെതന്നെ വിമാനത്താവളത്തിൽ എത്താൻ ശ്രദ്ധിക്കണമെന്ന് സാമൂഹികപ്രവർത്തകനായ ഫസലുൽ ഹഖ് പറഞ്ഞു. കാലാവധി കഴിഞ്ഞാലും വിസയുടെ ഡിജിറ്റൽ കോപ്പി സൂക്ഷിച്ചുവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റസിഡൻസി പെർമിറ്റ് ഡിജിറ്റലാകുന്നതോടെ ബഹ്റൈന് പുറത്തായാലും പുതുക്കാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
1. www.bahrain.bh എന്ന വെബ്സൈറ്റ് സന്ദർശിക്കുക
2. Residency Services എന്ന വിഭാഗം തിരഞ്ഞെടുക്കുക
3. Residency Status Enquiry എന്നതിൽ ക്ലിക്ക് ചെയ്യുക
4. ഒരു പെർമിറ്റാണോ മൾട്ടിപ്പിൾ പെർമിറ്റുകളാണോ എന്ന് ക്ലിക്ക് ചെയ്യുക
4. പാസ്പോർട്ട് നമ്പറും സി.പി.ആർ നമ്പറും നൽകുക
5. റസിഡൻസ് പെർമിറ്റ് ഡൗൺലോഡ്, ഇ-മെയിൽ സൗകര്യമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.