മനാമ: പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിെൻറ ഭാഗമായി ഏകീകൃത ജി.സി.സി നിയമം ബഹ്റൈനിൽ അംഗീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് കാബിനറ്റ് അംഗങ്ങൾ പിന്തുണ നൽകി. മീലാദുന്നബിയോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും ബഹ്റൈൻ ജനതക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും കാബിനറ്റ് ആശംസകൾ നേർന്നു. പ്രവാചകദർശനം ലോകത്തിന് സമാധാനവും ശാന്തിയും നൽകുന്ന ഒന്നാണെന്നും അത് മുറുകെപ്പിടിച്ച് മുന്നോട്ടുപോകാൻ സാധിക്കട്ടെയെന്നും ആശംസയിൽ വ്യക്തമാക്കി.
അഞ്ചാമത് ശൂറാ കൗൺസിൽ, പാർലമെൻറ് എന്നിവയുടെ നാലാം സമ്മേളനത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ ഹമദ് രാജാവ് നടത്തിയ പ്രഭാഷണം വിവിധ മേഖലകളിൽ രാജ്യം പുരോഗതി പ്രാപിക്കുന്നതിനുള്ള നിർദേശങ്ങളും കാഴ്ചപ്പാടുകളുമായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. വരുംകാലങ്ങളിൽ സുസ്ഥിര വികസന വഴിയിൽ കൂടുതൽ മുന്നേറാനുള്ള ഊർജമാണ് അദ്ദേഹം പകർന്നുനൽകിയത്. സർക്കാറിെൻറ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ജനങ്ങൾക്ക് കൂടുതൽ സുഭിക്ഷതയും സുരക്ഷിതത്വവും സാധ്യമാക്കുന്നതിനുമുള്ള കാഴ്ച്ചപ്പാടുകൾ അദ്ദേഹം അവതരിപ്പിച്ചു. കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും കുറക്കുന്നതിന് സുസ്ഥിര ഊർജ പദ്ധതികൾ, വെള്ളത്തിെൻറ മിതോപയോഗം, ഹരിത വത്കരണം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾക്ക് അംഗീകാരം നൽകി. രാജ്യത്തെ ആരോഗ്യ മേഖല പുഷ്ടിപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും അന്താരാഷ്ട്ര കരാറുകൾ പാലിക്കുന്നതിനുള്ള നിർദേശം ആരോഗ്യ മന്ത്രി അവതരിപ്പിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.