മനാമ: ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് (ബി.ഐ.ബി.എഫ്) ഡയറക്ടർ അബ്ദുൽ ഹമീദ് അൽ ശൈഖ് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി.
പരിശീലന, അക്കാദമിക മേഖലകളിൽ പരസ്പര സഹകരണത്തിന്റെ സാധ്യതകൾ ചർച്ചചെയ്തു. ബഹ്റൈൻ ബേയിലെ ബി.ഐ.ബി.എഫ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഇൻസ്റ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളെപ്പറ്റി അബ്ദുൽ ഹമീദ് വിശദീകരിച്ചു.
വിവിധ പരിശീലന പരിപാടികൾ, ബാങ്കിങ്, ധനകാര്യ മേഖലയിലെ വിവിധ പദ്ധതികൾ, ഇസ്ലാമിക് ഫിനാൻസ്, ഇസ്ലാമിക് ഇൻഷുറൻസ്, ഡിജിറ്റൽ ബാങ്കിങ്, പ്രോജക്ട് മാനേജ്മെൻറ്, കള്ളപ്പണം തടയൽ, സുസ്ഥിര വികസനം, നേതൃത്വവും ഭരണവും തുടങ്ങി ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളെക്കുറിച്ചും ചർച്ചചെയ്തു. ഇന്ത്യയിലെ വിവിധ സെൻററുകളുമായി പരിശീലനപരിപാടികളിൽ സഹകരിക്കാൻ ഒരുക്കമാണെന്ന് ഡോ. അഹ്മദ് അൽ ശൈഖ് വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിൽ ബാങ്കിങ്, ധനകാര്യ മേഖലയിൽ മനുഷ്യവിഭവശേഷി സംഭാവന ചെയ്യാൻ ബി.ഐ.ബി.എഫിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.