മനാമ: മതേതരത്വ സങ്കൽപത്തെ തങ്ങളുടെ ഭരണത്തിൽ ഇല്ലാതാക്കിയ ബി.ജെ.പി സർക്കാർ അതിനെ ഇന്ത്യൻ ഭരണഘടനയിൽനിന്നുപോലും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഭരണഘടനയുടെ മുകളിൽ ഹിന്ദുത്വരാഷ്ട്രീയത്തെ പ്രതിഷ്ഠിക്കാനുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണിത്. ക്ഷേത്രത്തിന്റെ ഉദ്ഘാടനം എല്ലാ വിഭാഗം ജനങ്ങളുടെയും പ്രധാനമന്ത്രിയായ വ്യക്തി നിർവഹിക്കുമ്പോൾ പാർലമെന്റിന്റെ ഉദ്ഘാടനം പൂജാരികൾ നിർവഹിക്കുന്ന വിരോധാഭാസമാണ് നടന്നുകൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വളർന്നുവന്ന ജനങ്ങളുടെ കൂട്ടായ്മയെ തകർക്കാൻ ബ്രിട്ടീഷുകാർ ബാബരി മസ്ജിദ് വിവാദം കുത്തിപ്പൊക്കിയതുപോലെ, ജനവിരുദ്ധ ഭരണത്തിനെതിരെ ജനങ്ങൾ ഒന്നിക്കുന്നത് തടയാൻ സംഘ് പരിവാർ ഇതേ അജണ്ട ഉപയോഗിക്കുകയാണ്. മണ്ഡൽ പ്രക്ഷോഭത്തിന്റെ കാലത്ത് കമണ്ഡലു അജണ്ട സൃഷ്ടിച്ചതും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക നീതി, സ്വാതന്ത്ര്യം, സമത്വം തുടങ്ങിയവയൊന്നും സംഘ്പരിവാറിന്റെ വിദ്വേഷ പ്രത്യയ ശാസ്ത്രത്തിന് അംഗീകരിക്കാൻ കഴിയുന്നില്ല.
ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ നയിക്കേണ്ട ഇൻഡ്യ മുന്നണി അതിന്റെ ദൗത്യം നിർവഹിക്കുന്നില്ല എന്നത് ദുഃഖകരമാണ്. കേവലം രാഷ്ട്രീയ നേട്ടം എന്നതിലുപരി ആശയ പിൻബലത്തോടെ ഇൻഡ്യ മുന്നണിക്ക് അടിത്തറയിടണമെന്ന് വെൽഫെയർ പാർട്ടി ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഇത്തരത്തിലുള്ള ആശയാടിത്തറയുണ്ടായിരുന്നെങ്കിൽ നിതീഷ് കുമാറിനെപ്പോലെയുള്ളവർക്ക് എളുപ്പത്തിൽ അവസരവാദത്തിന് അടിപ്പെടാൻ കഴിയുമായിരുന്നില്ല. മണ്ഡൽ കമീഷൻ റിപ്പോർട്ടിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ആശയപരമായ മുന്നേറ്റമായിരുന്നു ജാതി സെൻസസ് എന്ന ആവശ്യം. 85 ശതമാനം പിന്നാക്കക്കാരുള്ള രാജ്യത്ത് ബി.ജെ.പിയുടെ വർഗീയ അജണ്ടക്ക് കനത്ത വെല്ലുവിളിയായിരുന്നു അത്. സി.പി.എം, കോൺഗ്രസ് ദേശീയ നേതൃത്വങ്ങൾ ജാതിസെൻസസിനെ അംഗീകരിച്ചെങ്കിലും കേരളത്തിൽ അത് നടപ്പാക്കുന്ന കാര്യത്തിൽ ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ ഒളിച്ചുകളിക്കുകയാണെന്നും റസാഖ് പാലേരി ആരോപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ, അവരെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ബി.ജെ.പിയുടെ പ്രധാന എതിരാളികൾക്ക് വെൽഫെയർ പാർട്ടി പിന്തുണ നൽകും.
യു.ഡി.എഫും എൽ.ഡി.എഫും ആ നിലപാട് സ്വീകരിക്കാൻ തയാറാകണം. ഈ മണ്ഡലങ്ങളിൽ സമുദായ സംഘടനകൾ, സിവിൽ മൂവ്മെന്റുകൾ, സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കും. യോഗേന്ദ്ര യാദവിന്റെയും എസ്.പി. ഉദയകുമാറിന്റെയും നേതൃത്വത്തിൽ ദേശീയ വ്യാപകമായി ബി.ജെ.പിക്കെതിരെയുള്ള സിവിൽ മൂവ്മെന്റുമായി സഹകരിക്കും. കടുത്ത പ്രതിസന്ധിക്കിടയിലും ധൂർത്തും ദുർവ്യയവും തുടരുന്ന സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റസാഖ് പാലേരി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.