മനാമ: കോവിഡ് മഹാമാരിക്കിടയിലും ശുഭാപ്തി വിശ്വാസം കൈവിടാതെ ബഹ്റൈനിലെ ബിസിനസ് സമൂഹം. ഇൗ വർഷം രണ്ടാംപാദത്തിൽ സ്വകാര്യ മേഖലയുടെ പ്രവർത്തനം സംബന്ധിച്ച് ബഹ്റൈൻ ചേംബർ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 964 ബിസിനസ് സംരംഭകരെ പെങ്കടുപ്പിച്ച് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
അടുത്ത രണ്ട്-മൂന്ന് വർഷത്തെ ബിസിനസ് സാധ്യതകളെക്കുറിച്ച് പ്രതീക്ഷകളോടെയാണ് 71 ശതമാനം ബിസിനസ് ഉടമകളും പ്രതികരിച്ചത്. മാത്രമല്ല, ആറു മാസം മുതൽ രണ്ട് വർഷം വരെ കാലയളവിൽ കോവിഡ് പ്രത്യാഘാതങ്ങൾ മറികടക്കാൻ കഴിയുമെന്ന് 95 ശതമാനം പേരും വിശ്വസിക്കുന്നു.റിപ്പോർട്ടനുസരിച്ച്, ബഹ്റൈനിലെ ബിസിനസ് ഉടമകൾ മൂന്ന് പ്രധാന ആശങ്കകളാണ് പങ്കുവെക്കുന്നത്.
ജീവനക്കാർക്ക് വേതനം നൽകാനുള്ള കഴിവ്, വാടക നൽകാനുള്ള കഴിവ്, വിറ്റുവരവ് കുറയുന്നത് എന്നിവയാണ് സംരംഭകരുടെ ആശങ്ക വിഷയങ്ങൾ. ബിസിനസ് അവസാനിപ്പിക്കുകയോ പാപ്പരാകുകയോ വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നത് 17 ശതമാനം പേരാണ്. എന്നാൽ, തൊട്ടുമുമ്പുള്ള മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഇങ്ങനെ കരുതുന്നവരിൽ കാര്യമായ കുറവുണ്ടായെന്നതും പ്രത്യേകതയാണ്. ആദ്യ പാദത്തിൽ 32 ശതമാനം പേരാണ് ഇൗ അഭിപ്രായം പങ്കുവെച്ചത്.
ബിസിനസ് നടത്താൻ പണമില്ലെന്ന് അഭിപ്രായപ്പെട്ടത് 38 ശതമാനം പേരാണ്. അതേസമയം, ഒരു മാസത്തെ പ്രവർത്തന ഫണ്ട് കൈവശമുണ്ടെന്ന് 11 ശതമാനം പേർ അഭിപ്രായപ്പെട്ടു. 30 ശതമാനം പേർ ഒന്ന് മുതൽ ആറ് മാസം വരെ ആവശ്യമായ പണലഭ്യത ഉണ്ടെന്ന് വ്യക്തമാക്കി.
പണലഭ്യതക്കുറവിനിടയിലും ബിസിനസുകൾ നിലനിർത്താൻ ഉടമകൾ സ്വീകരിച്ച നടപടികളും റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു.58 ശതമാനം പേർക്ക് പ്രവർത്തനച്ചെലവ് കുറക്കാൻ പദ്ധതിയുണ്ട്. 34 ശതമാനം പേർ വായ്പ എടുക്കാനാണ് ആലോചിക്കുന്നത്.നിക്ഷേപ പദ്ധതികൾ മാറ്റിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാൻ തയാറാണെന്ന് 30 ശതമാനം പേർ അഭിപ്രായപ്പെട്ടു.
2020ൽ ബഹ്റൈനിലെ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ, ആഗോള ശരാശരിയായ 6.47 ശതമാനത്തിൽ താഴെയാണിത്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പിരിച്ചുവിടലുകൾ നടന്നത്. വിദ്യാഭ്യാസ മേഖലയാണ് (പ്രത്യേകിച്ചും പരിശീലന സ്ഥാപനങ്ങളും പ്രീ-സ്കൂളുകളും) തൊട്ടുപിന്നിൽ.
മൂന്ന് ശിപാർശകളോടെയാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. വഴങ്ങുന്ന വ്യാപാര മാതൃകകൾ സ്വീകരിക്കുക, ഡിജിറ്റൽവത്കരണത്തിെൻറ ഗുണഫലങ്ങൾ സ്വീകരിക്കുക, ബിസിനസുകൾ വൈവിധ്യവത്കരിക്കുക എന്നീ നിർദേശങ്ങളാണ് റിപ്പോർട്ട് ബിസിനസ് സമൂഹത്തിന് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.