മനാമ: അറബ് സഖ്യസേനയിൽ അംഗങ്ങളായ ബി.ഡി.എഫ് സൈനികരുടെ വീരമൃത്യുവിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബി.ഡി.എഫ് കമാൻഡർ, സൈനികർ, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ തുടങ്ങിയവർക്ക് മന്ത്രിസഭ അനുശോചനം നേർന്നു.
സൈനികരുടെ കുടുംബങ്ങൾക്ക് അവരുടെ വേർപാട് താങ്ങാനുള്ള കരുത്തുണ്ടാവാൻ പ്രാർഥിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഓർമകളിൽ അവരെന്നും ഉണ്ടാകുമെന്നും ഉത്തരവാദിത്ത നിർവഹണ മധ്യേയുളള അവരുടെ വീരചരമം പ്രചോദനമാണെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു. ആറാമത് ശൂറ കൗൺസിലിന്റെയും പാർലമെന്റിന്റെയും രണ്ടാംഘട്ട സമ്മേളനം വിളിക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടതിനെ കാബിനറ്റ് സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ അധ്യാപകർക്കും കാബിനറ്റ് നന്ദി അറിയിച്ചു. രാജ്യത്തിനാവശ്യമുള്ള കാമ്പും കരുത്തും പുലർത്തുന്ന തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വിസ്മരിക്കാനാവാത്തതാണെന്നും അറിവിന്റെയും വിജ്ഞാനത്തിന്റെയും വഴികളിൽ കൂടുതൽ മുന്നേറാൻ അധ്യാപകരുടെ സേവനം വഴി സാധ്യമാകുമെന്നും മന്ത്രിസഭ പ്രതീക്ഷ പ്രകടിപ്പിച്ചു. 2023ലെ ബജറ്റ് അക്കൗണ്ട് േക്ലാസ് ചെയ്യാനുള്ള മന്ത്രിതല സമിതിയുടെ ശിപാർശ കാബിനറ്റ് അംഗീകരിച്ചു. അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ബഹ്റൈൻ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നിർദേശത്തിനും അംഗീകാരമായി. തദ്ദേശീയ ജീവനക്കാരുടെ തൊഴിൽ കേസുകളുമായി ബന്ധപ്പെട്ട് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയവും തൊഴിൽ മന്ത്രാലയവും തമ്മിൽ സഹകരിക്കാനുള്ള മന്ത്രിതല സമിതി ശിപാർശ കാബിനറ്റ് അംഗീകരിച്ചു.
2023 രണ്ടാം പാദത്തിലെ ധനകാര്യ റിപ്പോർട്ട് മന്ത്രിസഭ ചർച്ചക്കെടുത്തു. തദ്ദേശീയ ഉൽപാദന മേഖലയിൽ രണ്ട് ശതമാനം വർധനയും എണ്ണ മേഖലയിൽ 2.2 ശതമാനവും എണ്ണേതര മേഖലയിൽ രണ്ടു ശതമാനവും വർധനയുണ്ടായതായി വിലയിരുത്തി.
ബഹ്റൈൻ സെൻട്രൽ ബാങ്കും കിർഗിസ്താൻ നാഷനൽ ബാങ്കും തമ്മിൽ ധനകാര്യ മേഖലയിൽ സഹകരിക്കുന്നതിനുള്ള കരടിന് അംഗീകാരം നൽകി. 78 മത് യു.എൻ ജനറൽ അസംബ്ലി യോഗ പങ്കാളിത്തം, കാലിക വളർച്ച വെല്ലുവിളികളെ കുറിച്ച് സംഘടിപ്പിച്ച ഉച്ചകോടിയിലെ പങ്കാളിത്തം, സൗദി-ബഹ്റൈൻ സംയുക്ത സമിതിക്ക് കീഴിലുള്ള രാഷ്ട്രീയ കോഓഡിനേഷൻ സമിതി യോഗ പങ്കാളിത്തം, 157 മത് ജി.സി.സി-ജപ്പാൻ സംയുക്ത മന്ത്രിതല സമ്മേളന പങ്കാളിത്തം, അറബ് ലീഗിന് കീഴിലെ 160 മത് അറബ് വിദേശകാര്യ മന്ത്രിതല സമ്മേളന പങ്കാളിത്തം, സുസ്ഥിര ട്രാൻസ്പോർട്ട് വേൾഡ് ഫോറ പങ്കാളിത്തം, ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ ഒമ്പതാമത് സമ്മേളനത്തിലെയും ജി.സി.സി ആരോഗ്യ മന്ത്രിതല സമിതി യോഗ പങ്കാളിത്തം, അറബ് മീഡിയ ഫോറത്തിലെ പങ്കാളിത്തം, 2023 ലോക ടൂറിസം ദിനാചരണ പരിപാടിയിലെ പങ്കാളിത്തം എന്നിവയും കാബിനറ്റ് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.