മനാമ: സർക്കാർജീവനക്കാരുടെ ഈമാസത്തെ വേതനം 21ന് നൽകാൻ മന്ത്രിസഭ നിർദേശിച്ചു. കഴിഞ്ഞ മാസം വേതനം നേരത്തെ നൽകിയതിനാൽ രണ്ട് മാസങ്ങൾക്കുമിടയിലുള്ള അന്തരം കുറക്കാനാണ് തീരുമാനം. വിരമിച്ചവരുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് 236 പേരുടെ അപേക്ഷകൾ സ്വീകരിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശിച്ചു. ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റ് 69 പേരുടെ വിഷയത്തിലും നിയമപരമായ മാർഗങ്ങൾ സ്വീകരിക്കാനും നിർദേശിച്ചു. ഒരു മാസത്തിനുള്ളിൽ വിഷയം പരിഹരിക്കണം.
രാജ്യത്തിനും ജനങ്ങൾക്കുമായി നിലകൊള്ളുന്ന മാധ്യമ പ്രവർത്തകർ അഭിമാനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മിഡിലീസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റ് നൽകുന്ന മികച്ച ഇന്നവേറ്റിവ് പ്രോഗ്രാം അവാർഡ് നേടിയ പുതിയ ഹൗസിങ് ഫിനാൻസ് പ്രോഗ്രാമിനെ കാബിനറ്റ് സ്വാഗതംചെയ്തു. രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാൽക്കരിക്കുന്ന തരത്തിലുള്ള ഭവന പരിഹാര പദ്ധതി ആവിഷ്കരിക്കുന്നതിൽ വിജയിക്കാൻ സാധിച്ചത് നേട്ടമാണ്.
ഫിലിപ്പീൻസിലേക്കും കൊറിയയിലേക്കും നയതന്ത്രസംഘത്തെ നിയോഗിക്കുന്നതിനുള്ള നിർദേശത്തിന് അംഗീകാരമായി. ആരോഗ്യ സേവന മേഖല മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ആരോഗ്യ മന്ത്രാലയവും അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റിയും തമ്മിൽ പരസ്പരം സഹകരിക്കാൻ തീരുമാനിച്ചു. വിവിധ മന്ത്രിമാർ പങ്കെടുത്ത യോഗങ്ങളുടെ റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.