മനാമ: കോവിഡ് കേസുകളുടെ പ്രതിദിന വർധന കൂടിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. പുതുതായി സ്വീകരിച്ച നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഫലപ്രദമായി നടപ്പാക്കാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനുള്ള നടപടികൾക്ക് ചുക്കാൻ പിടിക്കുന്ന കോവിഡ് പ്രതിരോധ സമിതിക്ക് മുഴുവൻ പിന്തുണയും മന്ത്രിസഭ വാഗ്ദാനം ചെയ്തു. എല്ലാവർക്കും വാക്സിൻ എന്ന ലക്ഷ്യം നേടുന്നതിന് മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു.
ഫലസ്തീൻ വിഷയം ചർച്ച ചെയ്യാനും പരിഹാരം കാണാനും സൗദി വിളിച്ചു ചേർത്ത ഒ.ഐ.സി അടിയന്തര യോഗത്തെയും അതിലെ തീരുമാനങ്ങളെയും മന്ത്രിസഭ സ്വാഗതം ചെയ്തു. ഫലസ്തീനിെൻറയും ഫലസ്തീനികളുടെയും അവകാശത്തിനായി നിലകൊള്ളുമെന്ന് കാബിനറ്റ് വ്യക്തമാക്കി. ജറൂസലം കേന്ദ്രമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുകയെന്ന ബഹ്റൈൻ നിലപാട് ഉയർത്തിപ്പിടിക്കുമെന്നും വ്യക്തമാക്കി.
ഈജിപ്തിെൻറ ശ്രമഫലമായി ഗസ്സയിൽ ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ച നടപടിയെയും മന്ത്രിസഭ സ്വാഗതം ചെയ്തു. ദീർഘകാല സമാധാനത്തിന് ഇതു നാന്ദിയാകട്ടെയെന്നും ആശംസിച്ചു. സാമ്പത്തിക മേഖലയിൽ ബഹ്റൈൻ സെൻട്രൽ ബാങ്കും ബ്രസീൽ സെൻട്രൽ ബാങ്കും തമ്മിൽ സഹകരിക്കാനുള്ള നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന കാബിനറ്റ് യോഗ തീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.