മഴക്കെടുതി ദുരിതമനുഭവിക്കുന്ന ഒമാന് ഐക്യദാർഢ്യവും പിന്തുണയും
മനാമ: ബഹ്റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ ഹോൾഡിങ് കമ്പനി സ്ഥാപിക്കാനുള്ള കരടിന് മന്ത്രിസഭ അംഗീകാരം നൽകി. മഴക്കെടുതി അനുഭവിക്കുന്ന ഒമാന് ഐക്യദാർഢ്യവും പിന്തുണയും അർപ്പിക്കുന്നതായും മന്ത്രിസഭയോഗം വ്യക്തമാക്കി.
വെള്ളപ്പൊക്കത്തിലും ഒഴുക്കിലും പെട്ട് മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ദ്രുതശമനം നേരുകയും ചെയ്തു. തടവിൽ കഴിഞ്ഞിരുന്ന നിരവധിപേർക്ക് ശിക്ഷയിൽ ഇളവ് നൽകി മോചനം നൽകാനുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉത്തരവ് സ്വാഗതം ചെയ്തു. വിവിധ കുറ്റകൃത്യങ്ങൾക്ക് ജയിലിലായിരുന്ന ഇവരുടെ ജീവിതത്തിലേക്കും കുടുംബങ്ങളിലേക്കും പെരുന്നാൾ സന്തോഷങ്ങൾ പെയ്തിറങ്ങാൻ ഉത്തരവ് നിമിത്തമായതായി വിലയിരുത്തി. ഹമദ് രാജാവ് അധികാരമേറ്റതിന്റെ രജതജൂബിലി ആഘോഷവേളയിലാണ് രാജകാരുണ്യം കൂടുതൽ പേർക്ക് പ്രയോജനമായതെന്നും വിലയിരുത്തി. ഇവരെ തൊഴിലന്വേഷകർക്ക് നൽകുന്ന സഹായപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആഭ്യന്തര മന്ത്രിക്കും തൊഴിൽ മന്ത്രിക്കും നിർദേശം നൽകി. മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തുകയും നയതന്ത്ര വഴികളുപയോഗിച്ച് സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് ഓർമപ്പെടുത്തുകയും ചെയ്തു. യു.എൻ കരാറുകളും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കാനും എല്ലാ രാഷ്ട്രങ്ങളും സന്നദ്ധമാകണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് എന്നീ മേഖലകളിലാവശ്യമായ ഭാവി നടപടികളെ സംബന്ധിച്ച് ആഭ്യന്തരമന്ത്രിയുടെ മൊമ്മോറാണ്ടം അംഗീകരിക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പാക്കാനും കാബിനറ്റ് അനുമതി നൽകി. നാഷനൽ കമ്മിറ്റി ഫോർ ചൈൽഡ്ഹുഡ് പുനഃസംഘടിപ്പിക്കാനുള്ള തീരുമാനത്തിന്റെ ആർട്ടിക്കിൾ ഒന്ന് ഭേദഗതി ചെയ്യുന്നതിനുള്ള നിർദേശത്തിനും അംഗീകാരമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.