മനാമ: കോവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ലഭിക്കാത്തവർക്ക് ആശ്വാസ വാർത്ത. നേരത്തെ വൗച്ചറുകളാക്കി മാറ്റിയ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ട്രാവൽ ഏജൻസികളെ അറിയിച്ചു. യാത്രക്കാരുടെയും ട്രാവൽ ഏജൻസികളുടെയും നിരന്തരമായ പരാതിക്കൊടുവിലാണ് ഇക്കാര്യത്തിൽ നടപടി ഉണ്ടായിരിക്കുന്നത്.
കോവിഡ് കാലത്ത് റദ്ദായ ടിക്കറ്റുകളുടെ തുക റീഫണ്ട് നൽകണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിലായിരുന്നു ഇൗ ഉത്തരവ്. എന്നാൽ, ബഹ്റൈനിലെ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്ത പലർക്കും റീഫണ്ട് ലഭിച്ചില്ല. റീഫണ്ടിന് പകരം മറ്റൊരു യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വൗച്ചറുകളാക്കി മാറ്റുകയാണ് എയർലൈൻസ് ചെയ്തത്. 2021 ഡിസംബർ 31നുള്ളിൽ ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് വൗച്ചറുകൾ നൽകിയത്.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്. തുടർന്ന്, വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ മെയ് ഏഴിന് കേന്ദ്ര സർക്കാർ വന്ദേഭാരത് ദൗത്യം ആരംഭിച്ചു. ഇൗ വിമാനങ്ങളിൽ പുതിയ ടിക്കറ്റ് എടുത്താണ് ആയിരക്കണക്കിന് യാത്രക്കാർ നാട്ടിലേക്ക് മടങ്ങിയത്. ഇതിന് പുറമേ, വിവിധ സംഘടനകളും ട്രാവൽ ഏജൻസികളും ആരംഭിച്ച ചാർേട്ടഡ് വിമാനങ്ങളിലും യാത്രക്കാർ മടങ്ങി.
അതേസമയം, നാട്ടിലേക്ക് പോയവരിൽ പലരും പ്രവാസം അവസാനിപ്പിച്ചവരാണ്. സന്ദർശക വിസയിൽ വന്ന് മടങ്ങിയവരുമുണ്ട്. ഇവരൊന്നും ഉടൻ മറ്റൊരു വിമാന യാത്ര നടത്താൻ സാധ്യതയില്ലാത്തതിനാൽ വൗച്ചർ പ്രയോജനപ്പെടാത്ത സ്ഥിതി വന്നു. ഇൗ സാഹചര്യത്തിലാണ് വൗച്ചറിന് പകരം റീഫണ്ട് വേണമെന്ന ആവശ്യം ശക്തമായത്. സാമൂഹിക പ്രവർത്തകരും ഇൗ ആവശ്യമുന്നയിച്ച് രംഗത്തെത്തി.
ഇതേത്തുടർന്ന് ബഹ്റൈനിലെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇന്ത്യയിലെ ആസ്ഥാനത്ത് വിവരം അറിയിച്ച് റീഫണ്ടിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിക്കുകയായിരുന്നു. നിലവിൽ വൗച്ചറുകൾ പി.എൻ.ആർ ആയി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും തുടർന്ന് റീഫണ്ട് ലഭ്യമാകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ട്രാവൽ ഏജൻസികളെ അറിയിച്ചിരിക്കുന്നത്.
ഒാരോ ട്രാവൽ ഏജൻസിക്കും ആയിരക്കണക്കിന് ദിനാറാണ് റീഫണ്ട് ലഭിക്കാനുള്ളത്. നിരന്തരമായ ആവശ്യത്തിന് പരിഹാരമായതിെൻറ ആശ്വാസത്തിലാണ് ട്രാവൽ ഏജൻസികളും യാത്രക്കാരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.