മനാമ: അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച കരിയർ എക്സ്പോ തൊഴിൽമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ഉദ്ഘാടനം ചെയ്തു.
എ.എസ്.യു സെക്രേട്ടറിയറ്റ് കൗൺസിൽ ചെയർമാൻ ഡോ. വഹീബ് അഹ്മദ് അൽ ഖാജ, പ്രസിഡന്റ് ഡോ. ഹാതിം അൽ മസ്രി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള 52ഓളം സ്ഥാപനങ്ങൾ കരിയർ എക്സ്പോയിൽ പങ്കാളികളായി.
യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും പഠനം പൂർത്തിയായവർക്കും മികച്ച തൊഴിലവസരങ്ങളെക്കുറിച്ചും തൊഴിൽ വിപണിയിലെ ആവശ്യങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഉതകുന്നതായിരുന്നു എക്സ്പോ. യുവാക്കൾക്ക് ദിശാബോധം നൽകാനും അവരെ മികച്ച കരിയർ സ്വപ്നങ്ങളിലേക്ക് വഴി നടത്താനും എ.എസ്.യു സംഘടിപ്പിക്കുന്ന പരിപാടി വഴി സാധ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻ വർഷങ്ങളിൽ യൂനിവേഴ്സിറ്റി നടത്തിയ കരിയർ എക്സ്പോ ധാരാളം തൊഴിലവസരങ്ങളിലേക്ക് വഴി തുറന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ കൂടുതൽ മികച്ച രീതിയിൽ കരിയർ എക്സ്പോ സംഘടിപ്പിക്കാൻ യൂനിവേഴ്സിറ്റിക്ക് സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇതുമായി സഹകരിച്ച സ്ഥാപനങ്ങൾക്കും അദ്ദേഹം അഭിവാദ്യമർപ്പിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണ കാലത്ത് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ അഭൂതപൂർവമായ വളർച്ചയും വികാസവുമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.