മനാമ: ലോക ടെന്നിസ് പ്രേമികൾക്ക് പകരംവെക്കാനാവാത്ത അടവുകൾ പകർന്നു നൽകാനായി ഇതിഹാസം മാർട്ടിന ഹിംഗിസ് ബഹ്റൈനിലെത്തുന്നു. LUX ടെന്നിസ് പ്രൈവറ്റ് കോച്ചിങ്, മെഴ്സിഡസ് ബെൻസുമായി സഹകരിച്ച് റിറ്റ്സ്-കാൾട്ടണിലെ റോയൽ ബീച്ച് ക്ലബിൽ സംഘടിപ്പിക്കുന്ന സ്റ്റാർ ഇവന്റിനോടനുബന്ധിച്ചാണ് ലോകോത്തര ടെന്നിസ് താരം പവിഴദ്വീപിലെത്തുന്നത്.
പങ്കെടുക്കുന്നവർക്ക് ഗ്രൂപ് ടെന്നിസ് ക്ലിനിക്കുകളിലും ഹിംഗിസിനും LUX ടെന്നിസ് പ്രഫഷനൽ ആർതർ ബെർണബെക്കുമൊപ്പം എക്സ്ക്ലൂസിവ് സെഷനുകളിലും പങ്കെടുക്കാൻ അവസരമുണ്ട്. ഹിംഗിസുമായി സംസാരിക്കാനും ടെന്നിസ് സംബന്ധിച്ച് വിലയേറിയ ഉൾക്കാഴ്ചകൾ നേടാനും സാധിക്കും. ഏപ്രിൽ 29 മുതൽ മേയ് 1വരെയാണ് ഇവന്റ്. അഞ്ച് തവണ ഗ്രാൻഡ് സ്ലാം നേടിയിട്ടുള്ള മാർട്ടിന ഹിംഗിസ് ലോകമെമ്പാടുമുള്ള ടെന്നീസ് പ്രേമികളുടെ ആവേശമായിരുന്നു. 25 പ്രധാന ടൈറ്റിലുകളിൽ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട് ഈ മുൻ ലോക ഒന്നാം നമ്പർ താരം.
12ാമത്തെ വയസ്സില്‍ ഫ്രഞ്ച് ഓപണില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യനായി പ്രതിഭ തെളിയിച്ചതാണ് ഹിംഗിസ്. 16ാമത്തെ വയസ്സില്‍ ലോക ഒന്നാം നമ്പർ താരമായി. ഏറ്റവും പ്രായംകുറഞ്ഞ ലോക ഒന്നാം നമ്പര്‍ താരം എന്ന റെക്കോഡും മാര്ട്ടിനക്കായിരുന്നു. മൂന്നുവട്ടം ആസ്ട്രേലിയന്‍ ഓപണും ഓരോതവണ വിംബ്ള്‍ഡണും യു.എസ് ഓപണും സ്വന്തമാക്കി. ഡബ്ള്‍സില്‍ കലണ്ടര്‍ സ്ലാം എന്ന റെക്കോഡും മാർട്ടിനയുടെ പേരിലാണ്.
2002ല്‍ പരിക്കിനെതുടര്‍ന്ന് താല്‍ക്കാലികമായി വിരമിച്ച ഹിംഗിസ് പക്ഷേ തിരിച്ചുവരവ് നടത്തി. 2015 യു.എസ് ഓപണില്‍ മിക്സഡ് ഡബ്ള്‍സിലും വനിത ഡബ്ള്‍സിലും ജയിച്ചു. മിക്സഡ് ഡബ്ള്‍സിൽ ലിയാണ്ടര്‍ പേസും വനിത ഡബ്ള്‍സിൽ സാനിയ മിര്‍സയുമായിരുന്നു ഹിംഗിസിന്റെ ജോടികൾ. കളത്തിലെ തന്ത്രങ്ങളില്‍ ഹിംഗിസ് എക്കാലവും മികച്ചുനിന്നു.
പ്രായം തളർത്താത്ത ആ കരുത്ത് ബഹ്റൈനിലെ ടെന്നിസ് പ്രേമികൾക്കും അനുഭവവേദ്യമാകുകയാണ്. രജിസ്ട്രേഷനും വിശദാംശങ്ങൾക്കും, 17586612 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.