മനാമ: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷക്ക് വെള്ളിയാഴ്ച തുടക്കമായി. ആദ്യദിനം ഇംഗ്ലീഷായിരുന്നു വിഷയം. എളുപ്പമായിരുന്നതിനാൽ വിദ്യാർഥികൾ ആശ്വാസത്തിലാണ്. ഏപ്രിൽ ആദ്യവാരത്തോടെ അവസാനിക്കുന്ന പരീക്ഷഫലം മേയ് 20നു മുമ്പ് പ്രഖ്യാപിക്കണമെന്ന് സി.ബി.എസ്.ഇക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. മിഡിലീസ്റ്റിലാകെ 230 പരീക്ഷകേന്ദ്രങ്ങളാണുള്ളത്. ബഹ്റൈനിൽ ഇത്തവണ അഞ്ചു കേന്ദ്രങ്ങളാണുള്ളത്. ഈ കേന്ദ്രങ്ങളിലായി 1300 വിദ്യാർഥികളാണ് ബഹ്റൈനിൽ പരീക്ഷയെഴുതിയത്.
പരീക്ഷ നടക്കുന്ന സ്കൂളുകളുടെ പ്രിൻസിപ്പൽമാർക്കാണ് പരീക്ഷച്ചുമതല. പരീക്ഷകേന്ദ്രങ്ങളുള്ള സ്കൂളുകളിലെ വിദ്യാർഥികൾക്ക് മറ്റു സ്കൂളുകളാണ് പരീക്ഷകേന്ദ്രങ്ങളായി അനുവദിച്ചത്. പരീക്ഷദിവസങ്ങളിൽ ഇന്ത്യൻ എംബസിയിൽനിന്ന് രാവിലെ അഞ്ചുമണിയോടെ ചുമതലയുള്ള പ്രിൻസിപ്പൽമാർ ചോദ്യപേപ്പറുകൾ ഏറ്റുവാങ്ങണം. സി.ബി.എസ്.ഇയുടെ കീഴിൽ മുപ്പതിനായിരത്തോളം പരീക്ഷകേന്ദ്രങ്ങളിലായി 38 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. 12ാം ക്ലാസിൽ ഭാഷാവിഷയങ്ങളുൾപ്പെടെ മൊത്തം 115 വിഷയങ്ങളാണ് വിവിധ സ്ട്രീമുകളിലായുള്ളത്. ഓരോ വിഷയത്തിനും നാലു സെറ്റ് ചോദ്യപേപ്പറുകൾ സി.ബി.എസ്.ഇ തയാറാക്കാറുണ്ട്. പരീക്ഷ കുറ്റമറ്റതാക്കാനുള്ള എല്ലാ ഒരുക്കവും ഇത്തവണ നടത്തിയിരുന്നു. ബഹ്റൈനിൽ രാവിലെ എട്ടുമുതൽ 11 വരെയായിരുന്നു പരീക്ഷ. ഇംഗ്ലീഷ് പരീക്ഷ അത്ര കഠിനമായിരുന്നില്ലെന്നാണ് വിദ്യാർഥികളുടെ അഭിപ്രായം. പരീക്ഷ പ്രതീക്ഷിച്ചതിലും എളുപ്പമായിരുന്നെന്ന് ഇബ്ൻ അൽ ഹൈതം സ്കൂളിലെ വിദ്യാർഥിനി ഇമാൻ ഫസൽ പറഞ്ഞു. തുടർന്നുള്ള പരീക്ഷകളും ഇങ്ങനെയായിരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.