മനാമ: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയത്തിന്റെ ആഹ്ലാദത്തിൽ ബഹ്റൈനിലെ സ്കൂളുകൾ. കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ച വിജയമാണ് വിദ്യാർഥികൾ കൈവരിച്ചത്.
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷഫലം വൈകുന്നതിൽ പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. സ്റ്റേറ്റ് സിലബസിലെ പ്ലസ്ടു ഫലം വന്നതോടെ ഇന്ത്യയിൽ പല സർവകലാശാലകളും ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചത് ആശങ്കക്കിടയാക്കി. ഇന്ത്യയിലെ സർവകലാശാലകളെ നിയന്ത്രിക്കുന്ന യൂനിവേഴ്സിറ്റി ഗ്രാൻഡ് കമീഷൻ (യു.ജി.സി) ബിരുദ പ്രവേശനത്തിനുള്ള അവസാന തീയതി സി.ബി.എസ്.ഇ പരീക്ഷ ഫലം വന്ന ശേഷമായിരിക്കണമെന്ന് നിർദേശിച്ചത് ആശ്വാസം പകർന്നെങ്കിലും അവസാന ഘട്ടത്തിൽ ഇഷ്ട വിഷയങ്ങൾക്ക് സീറ്റ് ലഭിക്കുമെന്നതിൽ ഉറപ്പില്ലെന്ന് വിദ്യാർഥികൾ പറയുന്നു. 12ാം ക്ലാസിലെ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഇന്ത്യയിൽ തന്നെയാണ് ഉപരിപഠനം നടത്തുന്നത്. നീറ്റ്, ഐസർ, എൻജിനീയറിങ് എന്നിവക്കുള്ള പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളും നിരവധിയാണ്.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പത്താം ക്ലാസ് ഫലം നേരത്തെ വന്നതും പ്ലസ്വൺ പ്രവേശന നടപടികൾ ആരംഭിച്ചതും രക്ഷിതാക്കളെ ആശങ്കയിലാക്കിയിരുന്നു. ഇതേത്തുടർന്ന് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള സമയ പരിധി നീട്ടണമെന്ന ആവശ്യവുമായി സി.ബി.എസ്.ഇ വിദ്യാർഥികൾ കോടതിയെയും സമീപിച്ചു. ഇതനുസരിച്ച് പ്ലസ് വൺ അപേക്ഷക്കുള്ള സമയപരിധി തിങ്കളാഴ്ച വൈകീട്ട് അഞ്ച് വരെ നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.