മനാമ: ഗോതമ്പിന്റെ വിലവർധന തൽക്കാലം മൂന്നു മാസത്തേക്ക് മാറ്റിവെക്കണമെന്ന് പാർലമെന്റ് അംഗങ്ങൾ. പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന്റെ നേതൃത്വത്തിലാണ് പ്രതിസന്ധി പരിഹരിക്കാൻ ഈ നിർദേശം നൽകിയത്.
മാവിന് 35 ശതമാനം മുതൽ 100 ശതമാനം വരെ വിലവർധന ബഹ്റൈൻ ഫ്ലോർ മിൽസ് കമ്പനി (ബി.എഫ്.എം) പ്രഖ്യാപിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. അംഗീകൃത ബേക്കറികൾക്കുള്ള സബ്സിഡി നിലനിർത്തിയിട്ടുണ്ടെങ്കിലും പൊതുവിപണിയിൽ മൈദക്ക് രണ്ടു ദിനാറിലധികം വില വർധിച്ചിരുന്നു.
ഗോതമ്പ് വില ആഗോള തലത്തിൽ വർധിച്ചതിനാൽ വില വർധിപ്പിക്കാതെ മാർഗമില്ലെന്ന നിലപാടിലാണ് കമ്പനി. റഷ്യ-യുക്രെയ്ൻ സംഘർഷവും വില വർധനക്ക് കാരണമായെന്ന് പറയുന്നു. മാവിന്റെ വില വർധന റൊട്ടി, പേസ്ട്രികൾ, പിസ്സ, മധുരപലഹാരങ്ങൾ, കന്നുകാലി തീറ്റ എന്നിവയുൾപ്പെടെ നിരവധി ഭക്ഷ്യവസ്തുക്കളുടെ വില ഉയരാനിടയാക്കുമെന്ന് നിരവധി എം.പിമാർ ആശങ്ക പ്രകടിപ്പിച്ചു. വിലവർധന മൂന്നു മാസത്തേക്ക് മാറ്റിവെക്കുന്നത് വിഷയത്തിൽ മറ്റ് പരിഹാരമാർഗങ്ങൾ ആലോചിക്കാൻ അധികാരികൾക്ക് സമയം നൽകുമെന്ന് മുസല്ലം പറയുന്നു. കുടുംബങ്ങൾക്ക് മാത്രമല്ല, കന്നുകാലി ഫാമുകൾക്കും വ്യാപാരികൾക്കും വർധനയുടെ ആഘാതമുണ്ടാകും. വിഷയം ചർച്ചചെയ്യാനായി വിളിച്ച യോഗത്തിൽ എം.പിമാരും ശൂറ കൗൺസിൽ അംഗങ്ങളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. വിലവർധന പിൻവലിക്കണമെന്ന ആവശ്യം ചില എം.പി മാർ ഉയർത്തി. സർക്കാർ വിഷയം പഠിച്ചതിനുശേഷം തീരുമാനമെടുക്കുമെന്ന് സർക്കാർ പ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.