മനാമ: ടൂറിസ്റ്റ് വിസയിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നത് തടയുമെന്നും അനധികൃത പ്രവാസി തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് കർമപദ്ധതി നടപ്പാക്കുമെന്നും എൽ.എം.ആർ.എ ചെയർമാനും തൊഴിൽ മന്ത്രിയുമായ ജമീൽ ഹുമൈദാൻ പറഞ്ഞു.
എൽ.എം.ആർ.എയുടെ പ്രവർത്തനം സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമലംഘനം നടത്തിയ 103,000 പ്രവാസി തൊഴിലാളികളിൽ 42,000 പേർ പുതിയ വൊക്കേഷണൽ എംേപ്ലായ്െംന്റ് സ്കീമിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി പറഞ്ഞു.
31,000 പേർ രാജ്യം വിടുകയോ സ്പോൺസറുടെ കീഴിൽ ജോലി നേടുകയോ ചെയ്തിട്ടുണ്ട്. 26,000 പേരുടെ നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയിൽ ബഹ്റൈനിലെത്തിയശേഷം പ്രവാസികൾ തൊഴിൽ വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി ആവശ്യപ്പെട്ടിരുന്നു. 39 ശുപാർശകളാണ് മംദൂഹ് അൽ സാലിഹ് ചെയർമാനായ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതി മുന്നോട്ടുവെച്ചത്. തൊഴിൽ നിയമ ലംഘനം കണ്ടുകൊണ്ട് സർക്കാർ വെറുതെയിരിക്കുകയല്ലെന്നും പ്രവാസി തൊഴിലാളികളെ നിരീക്ഷണത്തിന് കീഴിലാക്കാൻ കർമ്മ പദ്ധതിയുണ്ടെന്നും തൊഴിൽ മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് വിസയിലെത്തുന്ന പ്രവാസികൾ തൊഴിൽ വിസയിലേക്ക് മാറുന്നതിൽ നിന്ന് വിലക്കപ്പെടും. 2019 മുതൽ 2023 ജൂൺ വരെ കാലയളവിൽ ടൂറിസ്റ്റ് വിസയിൽ വന്ന 85,246 പ്രവാസികൾക്ക് വിസ മാറ്റാൻ അനുമതി നൽകി.
2021-ൽ 9,424, വിസകൾ ഇങ്ങനെ മാറി. 2022-ൽ 46,204. ഈ വർഷം ജൂൺ വരെ 8,598 വിസകളാണ് തൊഴിൽ വിസയാക്കിയത്. എൻട്രി ചട്ടങ്ങൾ ദുരുപയോഗം ചെയ്യുന്നത് കർശനമായി തടയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയത, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് എന്നിവയ്ക്കായുള്ള അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൾ റഹ്മാൻ ആൽ ഖലീഫ പറഞ്ഞു.
റിട്ടേൺ ടിക്കറ്റോ താമസവിസയോ മതിയായ പണമോ ഇല്ലാതെ ബഹ്റൈനിലേക്ക് തിരിക്കുന്ന ആരെയും കയറ്റരുതെന്ന് എയർലൈനുകളോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ തിരിച്ചയക്കേണ്ടത് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ജോലിയാണ്. നിയമങ്ങളും നിയന്ത്രണങ്ങളും കർശനമാക്കിയതിനെത്തുടർന്ന് അത്തരം വരവിൽ 37 ശതമാനം കുറവുണ്ടായി. ചില എൽ.എം.ആർ.എ സേവനങ്ങൾ രജിസ്ട്രേഷൻ സെന്ററുകളിൽ നൽകുന്നത് റദ്ദാക്കുക, പ്രവാസികളെ വിദഗ്ധ തൊഴിലാളികളായി രജിസ്റ്റർ ചെയ്യുന്നത് റദ്ദാക്കുക എന്നീ ആവശ്യങ്ങളും സമിതി ഉന്നയിച്ചിട്ടുണ്ട്.
എൽ.എം.ആർ.എ, ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട് ദിവസേന പരിശോധന നടത്താറുണ്ടെന്നും നിയമലംഘകരെ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു.
എല്ലാ പ്രവർത്തനങ്ങളും സ്ഥിതിവിവരക്കണക്കുകളും സുതാര്യമാണെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് നിബ്രാസ് തലേബ് പറഞ്ഞു.ഈ വർഷം ഇതുവരെ 32,000 പരിശോധന നടത്തി. 600 സംയുക്ത പരിശോധനകളും നടത്തി. നിയമലംഘനം നടത്തിയ 3,700 തൊഴിലാളികളെ നാടുകടത്തിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.