മനാമ: പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ ബഹ്റൈനിലെ വ്യാപാരിസമൂഹം ഒന്നിക്കുന്നു. ‘ബെറ്റർ ലൈഫ് സൊസൈറ്റി’ എന്നപേരിൽ ഇതിനായി സംഘടന രൂപവത്കരിക്കാൻ തീരുമാനിച്ചു. രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളായ ഫാറൂഖ് അൽ മുഅയ്യദ്, ഫുആദ് കാനൂ, അബ്ദുൽ ഹുസൈൻ ദീവാനി, ജമീൽ അൽ ഗന്ന, അഹ്മദ് അൽ സുലൂം, മർവ അൽ ഹാശ്മി, ആദിൽ അൽ സഫർ, ഖുലൂദ് അൽ ഖത്താൻ, സഈദ് ഹാഷിം, റാഇദ് യൂസുഫ് എന്നിവർ ചേർന്നാണ് പുതിയ ചിന്തക്ക് തുടക്കമിട്ടത്.
കുറഞ്ഞവരുമാനക്കാരും പ്രയാസപ്പെടുന്നവരുമായ കുടുംബങ്ങളെ സഹായിക്കുന്നതിനും അവരുടെ മക്കളുടെ പഠനം മുടക്കമില്ലാതെ മുന്നോട്ടുപോവുന്നതിനും വീടില്ലാത്തവർക്ക് വീടുപണിയുന്നതിനും പുനരുദ്ധരിക്കുന്നതിനും സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കും. സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി സഹകരിച്ച് സഹായങ്ങളെത്തിക്കുന്നതിനാണ് പദ്ധതി.
രാജ്യത്തും പുറത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ അർഹരായവർക്ക് ചികിത്സാസൗകര്യം ഒരുക്കുകയും ചെയ്യും. ബന്ധപ്പെട്ട മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളുമായും സഹകരിച്ചായിരിക്കും സഹായങ്ങൾ ലഭ്യമാക്കുക. സഹായത്തിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ചാരിറ്റി മാർക്കറ്റും സമ്മേളനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.