മനാമ: നാട്ടിൽനിന്ന് മറ്റുള്ളവർ ഏൽപിക്കുന്ന സാധനങ്ങളുമായി ബഹ്റൈനിലെത്തി മയക്കുമരുന്ന് കേസുകളിൽ അകപ്പെടുന്നവരുടെ എണ്ണം കൂടുന്നു. സുഹൃത്തുക്കളുടെയും മറ്റും ചതിയിൽപെട്ട് ജയിലിൽ കഴിയുന്ന മലയാളികളും ഏറെയാണ്.

ബഹ്റൈൻ വിമാനതാതവളത്തിൽ മിക്ക ദിവസങ്ങളിലും മയക്കുമരുന്നുമായി യാത്രക്കാരെ പിടികൂടുന്നുണ്ടെന്നാണ് അറിയുന്നത്. മലയാളികളും ഇതിൽ ഉൾപ്പെടുന്നു. മനഃപൂർവം മയക്കുമരുന്ന് കൊണ്ടുവരുന്നവരും മറ്റുള്ളവരുടെ ചതിയിൽപെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തിൽ വിമാനയാത്ര ചെയ്യുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്ന് ഓർമിപ്പിക്കുകയാണ് സാമൂഹികപ്രവർത്തകനായ അബൂബക്കർ ഇരിങ്ങണ്ണൂർ. ഒരു പ്രമുഖ കമ്പനിയിൽ ജോലിചെയ്യുന്ന മലയാളി അടുത്തിടെ ഇങ്ങനെ ചതിയിൽപെട്ട് അറസ്റ്റിലായ സംഭവം ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എത്ര പരിചയക്കാരായാലും മറ്റുള്ളവർ ഏൽപിക്കുന്ന സാധനങ്ങൾ വാങ്ങാതിരിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതം എന്ന് അദ്ദേഹം പറയുന്നു.

ഗൾഫിലുള്ള സുഹൃത്തിനോ ബന്ധുവിനോ കൊടുക്കാനെന്ന് പറഞ്ഞ് ഷർട്ട്, പാന്‍റ്, പലഹാരങ്ങൾ, പഴങ്ങൾ തുടങ്ങിയവ ആരെങ്കിലും ഏൽപിച്ചാൽ അത്യന്തം ജാഗ്രത പുലർത്തണം. ഷർട്ടിന്റെയും പാന്‍റിന്റെയും മടക്കുകൾക്കുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഭവങ്ങൾ പലതവണയുണ്ടായിട്ടുണ്ട്. ഏത്തപ്പഴത്തിന്റെയും ചെറുപഴത്തിന്റെയും ഉള്ളിൽ അതിവിദഗ്ധമായി ലഹരിമരുന്ന് ഒളിപ്പിച്ച് കൊടുത്തുവിട്ട സംഭവങ്ങളുമുണ്ട്.

മരുന്നുകളുടെ രൂപത്തിലാണ് ചിലർ ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നത്. മയക്കുമരുന്ന് ഗുളിക രൂപത്തിലാക്കി അറിയപ്പെടുന്ന മരുന്നുകമ്പനികളുടെ സ്ട്രിപ്പിൽ ഒളിപ്പിച്ച് കടത്തുന്നതാണ് രീതി. അതിനാൽ, മറ്റുള്ളവർ ഏൽപിക്കുന്ന മരുന്നുകൾ വാങ്ങുമ്പോഴും അതീവ ജാഗ്രത പുലർത്തണം.

നാട്ടിൽനിന്ന് യാത്ര പുറപ്പെടുമ്പോൾ വിമാനത്താവളത്തിലെ കാത്തിരിപ്പുകേന്ദ്രത്തിലുണ്ടാകുന്ന സൗഹൃദങ്ങളാണ് മറ്റൊരു വില്ലൻ. പരിചയം സ്ഥാപിച്ച് അടുത്തുകൂടി ഒരു ചെറിയ ലഗേജ് പിടിക്കാമോ എന്ന് ആരെങ്കിലും ചോദിച്ചാൽ നിഷേധിക്കുകയാണ് ഉത്തമം. അല്ലാത്തപക്ഷം അപകടത്തിൽ ചാടാനുള്ള സാധ്യത ഏറെയാണ്.

ടോയ്ലറ്റിലോ ചായ കുടിക്കാനോ പോകുമ്പോൾ ബാഗ് അപരിചിതരെ ഏൽപിച്ച് പോകാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങൾ ഇല്ലാത്ത സമയത്ത് ബാഗിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ ബഹ്റൈനിൽ യാത്രക്കാർ പിടിയിലായ സംഭവങ്ങളുമുണ്ട്. എയർപോർട്ടിൽനിന്ന് കുഴപ്പമൊന്നുമില്ലാതെ പുറത്തിറങ്ങിയാൽ ബാഗിനുള്ളിൽ ലഹരിമരുന്ന് വെച്ചയാൾ അത് തിരികെ ചോദിക്കുമ്പോഴായിരിക്കും നിങ്ങൾ വിവരമറിയുക.

വിമാനത്താവളത്തിൽ പിടിയിലാകുമ്പോൾ തനിക്കൊന്നുമറിയില്ല എന്ന് പറഞ്ഞ് രക്ഷപ്പെടാൻ സാധിക്കില്ല. കുടുംബമായി യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരുമായി ഇടപെടുന്നതിലും ജാഗ്രത പുലർത്തണം. സൗഹൃദം നടിച്ചെത്തുന്ന ചതിക്കുരുക്കുകൾ ഉണ്ടാകാമെന്നത് മറക്കരുത്.

ബഹ്റൈനിൽ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്നും മറക്കരുത്. മയക്കുമരുന്നിന്റെ അളവ് കൂടുന്തോറും ശിക്ഷയുടെ കാഠിന്യവും ഏറും. ഇറാനിൽനിന്ന് ബഹ്റൈനിലേക്ക് 50 കിലോ ഹഷീഷ് ഒളിച്ചുകടത്താൻ ശ്രമിച്ച സ്വദേശിക്ക് കഴിഞ്ഞയാഴ്ച വധശിക്ഷ വിധിച്ചിരുന്നു. സ്വന്തം വീട്ടിൽനിന്നുള്ള സാധനങ്ങൾ മാത്രം യാത്രക്കാർ കൊണ്ടുവരാൻ ശ്രമിക്കണമെന്ന് അബൂബക്കർ ഇരിങ്ങണ്ണൂർ ഓർമിപ്പിച്ചു. സൗഹൃദം മുതലെടുത്ത് ചതിയിൽപെടുത്താൻ കാത്തിരിക്കുന്നവർ ഉണ്ടെന്ന ബോധ്യം എല്ലാവർക്കും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Cheating friendships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.