മനാമ: കോവിഡ് താഴിട്ടു പൂട്ടിയ പാഠശാല മുറികളിലേക്ക് രണ്ടര വർഷത്തിനുശേഷം ആഹ്ലാദത്തോടെ അവരെത്തി. മലയാളം പഠിക്കാൻ അത്യധികം താൽപര്യത്തോടെ എത്തിയ കുട്ടികളെ അധ്യാപകരും ഭാഷാ പ്രവർത്തകരും മധുരം നൽകി സ്വീകരിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് അടക്കുകയും പിന്നീട് ഓൺലൈനായി തുടരുകയും ചെയ്ത രണ്ടര വർഷത്തെ ഭാഷ പഠനത്തിന്റെ തുടർച്ചയായാണ് ബഹ്റൈൻ കേരളീയ സമാജത്തിലെ മലയാളം പാഠശാലയിലേക്ക് കുട്ടികൾ വീണ്ടുമെത്തിയത്. 800ഓളം കുട്ടികളിൽ 500ലധികം പേർ ആദ്യമായി പാഠശാലയിൽ എത്തിയവരായിരുന്നു. കമ്പ്യൂട്ടർ സ്ക്രീനിൽ മാത്രം കണ്ടു പരിചയിച്ച അധ്യാപകരെയും സഹപാഠികളെയും നേരിൽ കണ്ടതിന്റെ സന്തോഷവും ആശ്ചര്യവുമായിരുന്നു പല കുട്ടികളുടെയും മുഖത്ത്.
സമാജം ജൂബിലി ഹാളിൽ നടന്ന പ്രവേശനോത്സവ ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ കുട്ടികളെ സ്വാഗതം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കൺവീനർ നന്ദകുമാർ എടപ്പാൾ, പ്രിൻസിപ്പൽ ബിജു എം. സതീഷ്, വൈസ് പ്രിൻസിപ്പൽമാരായ രജിത അന്ദിലത മണികണ്ഠൻ എന്നിവർ ആശംസകൾ നേർന്നു. ജോ. കൺവീനർ സുനീഷ് നന്ദി പറഞ്ഞു. ആമ്പൽ പഠിതാവായ അനാമിക അനി ചടങ്ങുകൾ നിയന്ത്രിച്ചു. ദീപങ്ങളുടെ ഉത്സവമായ ദീപാവലി രാവിൽ അക്ഷരദീപങ്ങൾ തെളിച്ചു കൊണ്ടാണ് കുട്ടികൾ ക്ലാസുകളിലേക്ക് കടന്നത്. സൂര്യകാന്തി വിദ്യാർഥിനിയായ നിയ ഖദീജ സഹപാഠികൾക്ക് ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാജം ഭരണസമിതി അംഗങ്ങളും പാഠശാല പ്രവർത്തകരും അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോകമെമ്പാടുമുള്ള മലയാളം മിഷൻ പാഠശാലകളിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന പഠനകേന്ദ്രമാണ് ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല. 30ലേറെ വർഷമായി മാതൃഭാഷ പഠനം നടക്കുന്നുണ്ടെങ്കിലും 2012 മുതലാണ് മലയാളം മിഷൻ പാഠ്യപദ്ധതി അനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. മലയാളം മിഷന്റെ കണിക്കൊന്ന (സർട്ടിഫിക്കറ്റ് കോഴ്സ്), സൂര്യകാന്തി (ഡിപ്ലോമ), ആമ്പൽ (ഹയർ ഡിപ്ലോമ), നീലക്കുറിഞ്ഞി (സീനിയർ ഹയർ ഡിപ്ലോമ) എന്നീ നാല് കോഴ്സുകളും പൂർത്തിയാക്കിയ കുട്ടികളുള്ള ഇന്ത്യക്ക് പുറത്തെ ഏക പഠനകേന്ദ്രവുമാണ് സമാജം പാഠശാല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.