മനാമ: സർക്കാർ ജീവനക്കാർക്ക് ബിസിനസ് പ്രവർത്തനങ്ങളിലേർപ്പെടാൻ അനുവാദം ലഭിക്കുമോയെന്ന കാര്യത്തിൽ അധികം താമസിയാതെ തീരുമാനമായേക്കും. പൊതുമേഖലയിൽ ജോലിചെയ്യുന്നവർക്ക് വാണിജ്യ രജിസ്ട്രേഷൻ (സി.ആർ) അനുവദിക്കണമെന്ന ആവശ്യം മുമ്പും ഉയർന്നിരുന്നെങ്കിലും സർക്കാർ അനുവദിച്ചിരുന്നില്ല. ഈ ആവശ്യം എം.പിമാർ വീണ്ടും ഉയർത്തിയതാണ് ഇപ്പോൾ വീണ്ടും വിഷയം ചർച്ചയാകാൻ വഴിതെളിച്ചത്.
എം.പിമാരായ അഹമ്മദ് ഖരാത്ത, ഹനൻ ഫർദാൻ, അബ്ദുല്ല അൽ ദേൻ, ഹസൻ ബുഖാമ്മാസ്, ഹസൻ ഇബ്രാഹിം എന്നിവരാണ് ഇതുസംബന്ധിച്ച നിർദേശം സർക്കാറിനു മുന്നിൽ സമർപ്പിച്ചത്. പൊതുമേഖലയിൽ ജോലിചെയ്യുന്നവർക്ക് വാണിജ്യ രജിസ്ട്രേഷൻ അനുവദിക്കാൻ വ്യവസ്ഥചെയ്യുന്ന രീതിയിൽ സിവിൽ സർവിസ് നിയമത്തിൽ ഒരു പുതിയ ആർട്ടിക്കിൾ ഉൾപ്പെടുത്തുന്നത് വ്യവസ്ഥചെയ്യുന്ന ബില്ലാണ് അവതരിപ്പിക്കപ്പെട്ടത്. നിയന്ത്രണങ്ങളോടെ ബിസിനസ് പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. പക്ഷേ, ഒരാൾക്ക് ഒരു സി.ആർ മാത്രമേ അനുവദിക്കാവൂ എന്നും പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്.
പൊതുസേവനത്തിന്റെ പദവിയും പ്രാധാന്യവും കാത്തുസൂക്ഷിക്കുന്ന വിധത്തിൽ സ്വകാര്യമേഖലയിലെ ജീവനക്കാരെപ്പോലെ വാണിജ്യപ്രവർത്തനങ്ങൾ നടത്താൻ സർക്കാർ ജീവനക്കാർക്ക് ഭരണഘടന അവകാശം നൽകിയിട്ടുണ്ടെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ ജോലികൊണ്ടുമാത്രം ജീവിതച്ചെലവുകൾ നിർവഹിക്കാൻ പലർക്കും പറ്റാത്ത സാഹചര്യമാണെന്നാണ് എം.പിമാർ പറയുന്നത്. ഈ സാഹചര്യത്തിൽ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർെപ്പടാൻ അനുവാദം നൽകുന്നത് വരുമാനം വർധിപ്പിക്കാൻ സഹായകരമാകും.
ഇതേ ആവശ്യമുന്നയിച്ച് ബിൽ അവതരിപ്പിക്കാൻ മുമ്പ് ശ്രമിച്ചിരുന്നെങ്കിലും സർക്കാർ നിരസിക്കുകയായിരുന്നു. സർക്കാർ ജീവനക്കാർ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ജോലിയിലെ അച്ചടക്കം നഷ്ടപ്പെടാനിടയാക്കുമെന്നാണ് അന്ന് സർക്കാർ പറഞ്ഞത്. ജോലിസമയത്ത് ജീവനക്കാർ വ്യാപാര പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അത് സർവിസിന്റെ കാര്യക്ഷമത കുറക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.