മനാമ: പ്രവാസികൾക്ക് വാണിജ്യ രജിസ്ട്രേഷൻ (സി.ആർ) നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന് ആവശ്യം. പുതിയ സി.ആറിന് അപേക്ഷിക്കുന്നവർക്കും പുതുക്കാൻ ആഗ്രഹിക്കുന്നവർക്കും നിശ്ചിത മൂലധന നിക്ഷേപം ഉണ്ടായിരിക്കണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്.
പൗരന്മാരുടെ ജീവിതനിലവാരം കുറഞ്ഞുവരുകയാണെന്ന പരാതി സംബന്ധിച്ച് അന്വേഷിക്കുന്ന പാർലമെന്ററി സമിതി വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദൽ ഫക്രോയെ വിളിച്ചുവരുത്തിയിരുന്നു. സമിതി പൗരൻമാരുടെ ജീവിതനിലവാരം സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ജീവിതനിലവാരത്തകർച്ചക്ക് കാരണമാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 35 ശിപാർശകൾ സമിതി നൽകിയിട്ടുണ്ട്. സ്വദേശികളായ ബിസിനസ്സുകാരുടെ കച്ചവടം കുറഞ്ഞുവരുകയാണെന്ന പരാതി വ്യാപകമാണെന്ന് സമിതി അധ്യക്ഷൻ അഹമ്മദ് അൽ സലൂം ചൂണ്ടിക്കാട്ടി.
അവരുടെ ജീവിതനിലവാരം കുറഞ്ഞുവരുന്നതിന് കാരണമിതാണെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. അവരുടെ തൊഴിലാളികളെയും ഇത് ബാധിച്ചിട്ടുണ്ട്. പ്രവാസികൾക്ക് സി.ആർ യഥേഷ്ടം നൽകുന്നത് സ്വദേശികളായ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പരാതി.
പ്രാദേശിക വിപണിയിലെ സാഹചര്യങ്ങൾ പരിഗണിച്ചുമാത്രം സി.ആർ നൽകിയാൽ മതി എന്നാണ് നിർദേശം. എല്ലാ ശിപാർശകളും മുന്നിലുണ്ടെന്നും ഇത് പരിഗണിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയെ ഉടൻ സമീപിക്കുമെന്നും സമിതി അറിയിച്ചു. ബഹ്റൈനിൽ രജിസ്റ്റർ ചെയ്ത 11,500ലധികം കമ്പനികൾ ഭൂരിഭാഗവും പ്രവാസികളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് മന്ത്രി ഫഖ്റോ എം.പിമാരെ രേഖാമൂലം അറിയിച്ചിരുന്നു.പ്രഫഷനൽ, ശാസ്ത്ര, സാങ്കേതിക പ്രവർത്തനങ്ങൾ, വിവരസാങ്കേതികവിദ്യ, ആശയവിനിമയം, അഡ്മിനിസ്ട്രേറ്റിവ്, സപ്പോർട്ട് സേവന പ്രവർത്തനങ്ങൾ എന്നീ മേഖലകളിലാണ് പ്രവാസികളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.