മനാമ: ലത മങ്കേഷ്കറുടെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വേദി അനുശോചിച്ചു. നിത്യഹരിത ഗാനങ്ങളുടെ വസന്തം സമ്മാനിച്ചു കടന്നുപോയ ലത മങ്കേഷ്കറുടെ വിടവാങ്ങൽ സംഗീത ലോകത്തിനു തീരാ നഷ്ടമാണ്. ഏഴു പതിറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതത്തിൽ അവർ മലയാളം ഉൾപ്പെടെ 36 ഭാഷകളിലായി ഗാനങ്ങൾ ആലപിച്ചു.
1974ൽ നെല്ല് എന്ന സിനിമക്ക് വേണ്ടി "കദളി, കൺകദളി ... എന്ന് തുടങ്ങുന്ന ഒരൊറ്റ ഗാനമാണ് അവർ മലയാള സിനിമക്ക് പാടിയിട്ടുള്ളൂവെങ്കിലും മലയാളികളുടെയും പ്രിയപ്പെട്ട ഗായിക തന്നെയാണവർ. വയലാർ എഴുതി ഇതിഹാസ സംഗീതജ്ഞൻ സലിൽ ചൗധരി സംഗീതം നിർവഹിച്ച ആ ഗാനം ഇന്നും നമ്മുടെ മനസ്സിൽ സംഗീതത്തിന്റെ തേന്മഴ പെയ്യിക്കുന്നു.
അവരുടെ വേർപാട് ഇന്ത്യൻ സംഗീത ലോകത്തിന് കനത്ത നഷ്ടമാണെന്നും അനുശോചനം നേരുന്നതായും അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി
മനാമ: ലത മങ്കേഷ്കറുടെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോചിച്ചു. ഇന്ത്യൻ ജനതയിലാകെ പ്രണയവും പ്രതീക്ഷ-നിരാശകളും കാത്തിരിപ്പും വേദനയുടെ മുറിവും ഭക്തിയുടെ ആത്മീയ സ്പർശവുമൊക്കെ തീവ്രമായ സ്വകാര്യാനുഭവങ്ങളാക്കി മാറ്റിയ പ്രിയ ഗായികയായിരുന്നു ലത മങ്കേഷ്കറെന്ന് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. മരിച്ചാലും സംഗീതത്തിന്റെ ഉറവയൊലിക്കുന്ന നിതാന്ത നിത്യസ്മാരകമായി ലതാജിയുടെ ഗാനങ്ങൾ കാലങ്ങളെ അതിവർത്തിക്കുമെന്ന് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സമാജം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.