മന്ത്രിസഭ യോഗത്തിൽനിന്ന്
മനാമ: കോവിഡ് പ്രതിസന്ധി നേരിടുന്നതിന് ഇന്ത്യക്ക് അടിയന്തര സഹായം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഓക്സിജനും മറ്റു മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യക്ക് ലഭ്യമാക്കും. കോവിഡ് ബാധിതരായവർക്ക് എത്രയും വേഗം വിമുക്തി ലഭിക്കട്ടെയെന്ന് മന്ത്രിസഭ യോഗം ആശംസിക്കുകയും ചെയ്തു.തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. തൊഴിലിടങ്ങളിലെ സുരക്ഷ ദിനത്തോടനുബന്ധിച്ചാണ് ഇക്കാര്യം ചർച്ച ചെയ്തത്.
കോവിഡ് പ്രതിരോധ സമിതിയുടെ നിർദേശങ്ങൾ പാലിച്ച് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനാവശ്യമായ കാര്യങ്ങൾ നടപ്പാക്കാനും തീരുമാനിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന കാബിനറ്റ് യോഗം ശൂറാ കൗൺസിൽ, പാർലമെൻറ് എന്നിവയുമായുള്ള സഹകരണം വ്യാപിപ്പിക്കാനും അതുവഴി സർക്കാറിെൻറ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇറാഖിലെ ബഗ്ദാദ് പട്ടണത്തിൽ ഇബ്നുൽ ഖതീബ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ നിരവധിപേർ മരണപ്പെട്ട സംഭവത്തിൽ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. സ്കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസ മേഖലയും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഗുണനിലവാര സമിതി മുന്നോട്ടുവെച്ച നിർദേശങ്ങൾ മന്ത്രിസഭ ചർച്ചചെയ്തു.
35 പ്രഫഷനൽ തൊഴിൽ മേഖലകൾ കൈകാര്യം ചെയ്യാനുള്ള മാനദണ്ഡങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. വ്യാപാര മേഖലയുടെ പ്രവർത്തനം സുതാര്യവും എളുപ്പവുമാക്കുന്നതിന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി മുന്നോട്ടുവെച്ച നിർദേശങ്ങൾ സഭ ചർച്ച ചെയ്തു. സുരക്ഷ സമിതി പുറത്തുവിടുന്ന തീവ്രവാദപ്പട്ടിക പ്രസിദ്ധീകരിക്കൽ, അത് സംബന്ധിച്ച് ഉടനടി നടപടി സ്വീകരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട രീതികൾ ചർച്ചചെയ്യുകയും നടപടികൾ വേഗത്തിലാക്കാൻ തീരുമാനിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.