മനാമ: കോവിഡ് മാനദണ്ഡങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ശ്രദ്ധയോടെ പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് മന്ത്രിസഭാ യോഗം ആഹ്വാനം ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങളിൽ പുരോഗതി കൈവരിക്കാനായത് എല്ലാവരുടെയും സഹകരണമാണെന്നും വരും ദിവസങ്ങളിലും ഇത് തുടരേണ്ടത് പൊതുജനങ്ങളുടെ ബാധ്യതയാണെന്നും ഓർമപ്പെടുത്തി.
അഫ്ഗാനിസ്താനിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തു. സമാധാനവും ശാന്തിയും മുറുകെ പിടിച്ച് മുന്നോട്ടു പോകാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അഫ്ഗാൻ ജനതയുടെ താൽപര്യങ്ങൾ പുതിയ ഭരണകൂടം മാനിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
മന്ത്രാലയങ്ങളുടെ വരുമാനത്തിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 23 ശതമാനം വർധനയെന്ന് യോഗത്തിൽ വിലയിരുത്തി. ധനകാര്യ മന്ത്രിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് കാബിനറ്റിൽ സമർപ്പിച്ചത്. പോയ വർഷം ഇതേ കാലയളവിൽ ലഭിച്ചതിനേക്കാൾ 23 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. കോവിഡ് പ്രതിസന്ധിക്കിടയിലും ഇത്തരമൊരു വളർച്ച നേട്ടമാണെന്ന് യോഗം വിലയിരുത്തി. എണ്ണയിതര വരുമാനത്തിൽ നാല് ശതമാനം വളർച്ചയുണ്ടായി. പൊതു പ്രവർത്തനച്ചെലവ് നാല് ശതമാനം കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇക്കാലയളവിനേക്കാൾ ബജറ്റ് കമ്മി 35 ശതമാനം കുറവ് വന്നതായും സൂചനയുണ്ട്.
ബഹ്റൈൻ സന്ദർശനത്തിനെത്തിയ അബൂദബി കിരീടാവകാശിയും സായുധ സേനാ വൈസ് കമാൻററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും തമ്മിലുണ്ടായ കൂടിക്കാഴ്ചയും ചർച്ചകളും പ്രതീക്ഷയുണർത്തുന്നതാണെന്ന് മന്ത്രിസഭ വിലയിരുത്തി. യു.എ.ഇയും ബഹ്റൈനും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ പരസ്പര സന്ദർശങ്ങൾ കാരണമാകുമെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു.
ബഹ്റൈൻ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും ആശയങ്ങളുമുണ്ടാകണമെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. യുവാക്കളുടെ കഴിവ് ശക്തമാക്കുന്നതിന് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്ന പദ്ധതികൾ ഏറെ ഗുണകരമാണെന്നും വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗ തീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.