മനാമ: കോവിഡും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ആദ്യ പശ്ചിമേഷ്യന്‍ മന്ത്രിതല സമ്മേളനത്തിന് ബഹ്റൈന്‍ ആതിഥ്യംവഹിച്ചു. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. 'കൊറോണയും പരിസ്ഥിതിയും' വിഷയത്തില്‍ നടന്ന സമ്മേളനം യു.എന്‍ എന്‍വയണ്‍മെൻറല്‍ പ്രോജക്ട് പശ്ചിമേഷ്യന്‍ റീജനല്‍ ഓഫിസിനുവേണ്ടി പരിസ്ഥിതി കാര്യ സുപ്രീംകൗണ്‍സിലാണ് സംഘടിപ്പിച്ചത്. മേഖലയില്‍ കോവിഡ് മൂലമുണ്ടായ പ്രത്യാഘാതങ്ങളും പരിസ്ഥിതി പരിപാലനത്തില്‍ സ്ഥിരത കൈവരിക്കുന്നതിനുള്ള നയങ്ങളുമാണ് മുഖ്യമായും യോഗം ചര്‍ച്ച ചെയ്തത്.
യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് പരിസ്ഥിതികാര്യ സുപ്രീംകൗണ്‍സില്‍ ചെയര്‍മാനും ഹമദ് രാജാവിെൻറ പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല് ഖലീഫയുടെ ആശംസ ചീഫ് എക്സിക്യൂട്ടിവ് ഡോ. മുഹമ്മദ് മുബാറക് ബിന്‍ ദൈന നേര്‍ന്നു. യു.എന്‍ പരിസ്ഥിതി പദ്ധതി റീജനല്‍ ഡയറക്ടര്‍ ആങ്കര്‍ ആന്‍ഡേഴ്സണും ചര്‍ച്ചയില്‍ പങ്കാളിയായി. കോവിഡ് കാലത്തും പരിസ്ഥിതി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മുടക്കം വരാതെ മുന്നോട്ടു പോകുന്നതിനുള്ള പദ്ധതികൾ അംഗരാഷ്ട്രങ്ങളുമായി പങ്കുവെക്കുന്നതിനാണ് ഇത്തരമൊരു യോഗം ചേര്‍ന്നതെന്ന് ഡോ. ബിൻ ദൈന വ്യക്തമാക്കി.
ഏറ്റവും മെച്ചപ്പെട്ട രൂപത്തില്‍ പരിസ്ഥിതിയെ മടക്കിക്കൊണ്ടുവരുന്നതിനുവേണ്ടിയുള്ള മാർഗരേഖയും അതു നടപ്പാക്കുന്നതിെൻറ വിവിധ ഘട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു. യു.എന്‍ പരിസ്ഥിതി പദ്ധതിയുടെ അഞ്ചാമത് ജനറല്‍ ബോഡി യോഗതീരുമാനങ്ങളും അദ്ദേഹം പങ്കുവെച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് പരിസ്ഥിതി സൗഹൃദ നടപടികള്‍ ശക്തമാക്കുന്നതിനും അതുവഴി മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളാണ് മാർഗരേഖയിൽ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പിന്നീട് നടന്ന ചര്‍ച്ചകള്‍ സമാഹരിച്ച് തയാറാക്കിയ മന്ത്രിതല പ്രഖ്യാപനത്തിനും യോഗം അംഗീകാരം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.