ഇന്ത്യൻ സാഹിത്യമെന്നത് വികേന്ദ്രീകൃതമാണ്. ഒട്ടനവധി പ്രാദേശിക ഭാഷകളിൽ നടക്കുന്ന വിപുലവും സങ്കീർണവുമായ സാഹിത്യ പ്രവർത്തനങ്ങൾ ഒരുമിച്ചുകൂട്ടി വിലയിരുത്തുകയെന്നത് ഏറെ ദുഷ്കരം. പ്രാദേശിക രചനകളുടെതായി പുറത്തുവരുന്ന അപൂർവം ഇംഗ്ലീഷ് വിവർത്തനങ്ങളും ഇന്ത്യൻ ഇംഗ്ലീഷിലെ മൗലിക രചനകളും നോക്കിയാണ് പുറംലോകം ഇന്ത്യൻ സാഹിത്യത്തെ വിലയിരുത്തുന്നത് .
ഒരുകാലത്ത് ഏറെ പ്രശസ്തരായ എഴുത്തുകാരെയും സാഹിത്യകാരന്മാരെയും ഇന്ത്യ ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. ഒരേയൊരു ഇന്ത്യക്കാരന് (1913ൽ ടാഗോറിന് ) മാത്രമേ സാഹിത്യ നൊബേൽ ലഭിച്ചിട്ടുള്ളൂവെന്നത് ശരിതന്നെ. പേക്ഷ അല്ലാമാ മുഹമ്മദ് ഇഖ്ബാലെന്ന ഉർദു-പേർഷ്യൻ കവിയും നെഹ്റുവെന്ന രാഷ്ട്രീയ-തത്ത്വചിന്താംശങ്ങൾ സമംചേർന്ന എഴുത്തുകാരനും ടാഗോർ എന്ന ബംഗാളി കവിയും അറബി സാഹിത്യകാരനായ അബുൽ ഹസൻ അലി നദ്‍വിയുമെല്ലാം പുറംലോകത്ത് ഏറെ പ്രശസ്തരായിരുന്നല്ലോ. പിൽക്കാലത്ത് ആ നിരയിലേക്ക് അരുന്ധതി റോയ്, ശശി തരൂർ, ചേതൻ ഭഗത് തുടങ്ങിയവരെ നൽകാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ സാഹിത്യത്തിന്റെ പുറംലോക ഖ്യാതി ശുഷ്കിച്ചുവരുന്നതായിട്ടാണ് നിരീക്ഷണം. ആ ശുഷ്കത ഇനിയും വർധിക്കാനാണ് സാധ്യത.
ലോകത്ത് പൊതുവെയും ഇന്ത്യയിൽ പ്രത്യേകിച്ചും ദൃശ്യമാകുന്ന പ്രവണത ഫിക്ഷനോടുള്ള വിമുഖതയും വിരക്തിയുമാണ്. സാഹിത്യത്തിന്റെ സുപ്രധാന മുഖമായ ഫിക്ഷനോടുള്ള അനിഷ്ടം ഭാവിയിലെ സാഹിത്യ വളർച്ചയെ ബാധിക്കാതിരിക്കില്ല. കാരണം ഇന്ത്യയിലെ ന്യൂജെൻ എഴുത്തുകാരും വായനക്കാരുമുൾക്കൊള്ളുന്ന സാംസ്കാരിക വിഭാഗം ഐ.ടി രംഗത്തും സോഷ്യൽ മീഡിയയിലും ഏറെ തൽപരരാണെന്നല്ല, അതിന്റെ 'അഡിക്ടു'കളാണ്. അവരിൽ പലരും ഫിക്ഷനോടുള്ള തങ്ങളുടെ നിലപാട് തുറന്നു പ്രഖ്യാപിക്കുന്നുമുണ്ട് . 'ആർക്കുവേണം ഫിക്ഷൻ ?!' എന്നാണ് അവരുടെ ചോദ്യം. യാഥാർഥ്യനിഷ്ഠവും ഡാറ്റയിൽ അധിഷ്ഠിതവുമായ പാഠഭാഗങ്ങളോടാണ് അവർക്കു താൽപര്യം. കാൽപനികതയുടെയും റൊമാൻസിന്റെയും ഭാവതീവ്രതയിൽ വായനക്കാരനെ തളച്ചിടുന്ന ഫിക്ഷനോട് അവർ അകലം പാലിക്കുന്നു. അതേസമയംതന്നെ ഫിക്ഷന് ഇന്ത്യൻ പശ്ചാത്തലത്തിൽ സംഭവിക്കുന്ന ഭാവമാറ്റവും ശ്രദ്ധേയമാണ് . 'മിത്തോളജിക്കൽ ഫിക്ഷന്' ലഭിച്ചുകൊണ്ടിരിക്കുന്ന വർധിച്ച പരിഗണനയും സ്വീകാര്യതയുമാണ് പറഞ്ഞുവരുന്നത്.
ഇന്ത്യയിലെ ഇംഗ്ലീഷ് ഫിക്ഷൻ ഗ്രന്ഥകർത്താക്കളിൽ മുൻനിരയിലുള്ള അശ്വിൻ സംഗി സമകാലിക ഇന്ത്യയിലെ ഏറ്റവും ജനകീയമായ ഫിക്ഷൻ ധാരയായി മിത്തോളജിക്കൽ ഫിക്ഷനെ കാണുന്നു. വലതുപക്ഷ തീവ്രതയിലേക്കുള്ള ഇന്ത്യയുടെ രാഷ്ട്രീയമാറ്റം സാഹിത്യത്തിലും പ്രതിഫലിക്കുന്നുവെന്നു സാരം. പുരാണോത്സുകതയുടെ ജനകീയ മുഖമായ മഹാഭാരതം-രാമായണം കഥകളോടുള്ള താൽപര്യത്തിനപ്പുറത്ത് ഇന്ത്യൻ പ്രാദേശിക അടരുകളിൽ ഒതുങ്ങിക്കഴിയുന്ന പൗരാണിക മിത്തുകളെയും കഥാപാത്രങ്ങളെയും പുനരുജ്ജീവിപ്പിക്കുകയും അവയെ ഉപജീവിച്ചുകൊണ്ടുള്ള ഫിക്ഷൻരചന നടത്തുകയും ചെയ്യുന്ന പ്രവണത വർധിക്കുന്നതായി അശ്വിൻ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, അത്തരം രചനകൾക്ക് വമ്പിച്ച ജനസ്വീകാര്യത ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ അടുത്ത 50 വർഷം സാഹിത്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. സാഹിത്യരചനക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സമാധാനവും സുരക്ഷിതത്വവും സമൃദ്ധിയുമുള്ള കാലംതന്നെ. വിശിഷ്യാ, നോവലിനും കവിതക്കും. കേരളത്തിലെ കവികളിലും സാഹിത്യകാരന്മാരിലുംപെട്ട മഹാഭൂരിപക്ഷവും അന്നത്തിനു മുട്ടില്ലാത്ത, ഐശ്വര്യവും സമൃദ്ധിയും കളിയാടിയ ഇല്ലങ്ങളിലും മനകളിലും കോവിലകങ്ങളിലും പ്രശസ്ത തറവാടുകളിലും പിറന്നവരാകാൻ കാരണം മറ്റൊന്നല്ല. അവർക്ക് വിദ്യാഭ്യാസവും സാംസ്കാരികമായ കഴിവുകളും നേടാൻ അവസരമുണ്ടായതാണ് അവരുടെ ഭാഷാമികവിനു കാരണമെന്നതു നിഷേധിക്കുന്നില്ല. അതേസമയം, ഐശ്വര്യത്തോടെ ജീവിക്കാനുള്ള അവരുടെ സാധ്യത സാഹിത്യപ്രവർത്തനത്തിനും അവരെ നന്നായി സഹായിച്ചുവെന്നതും നിഷേധിക്കാനാവില്ല. ദലിതുകളായ സാഹിത്യകാരന്മാരും കവികളും പറ്റേ കുറഞ്ഞുപോയതെന്തുകൊണ്ടെന്ന ചോദ്യത്തിന് ഇവിടെ അടിവരയിടുന്നു.
പറഞ്ഞുവരുന്നത്, പലരും പ്രവചിക്കുന്നതുപോലെ, സമീപഭാവിയിൽ ഇന്ത്യ ഒരു മതരാഷ്ട്രമായി മാറുകയും വ്യാപകമായ വംശീയ ഉന്മൂലന കലാപങ്ങളും പൗരത്വനിഷേധവും മറ്റും അരങ്ങേറുകയും ചെയ്താൽ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുമെന്നുറപ്പ്. സാഹിത്യരചനയെ സംബന്ധിച്ചിടത്തോളം ഏറ്റവും വളർച്ച മുരടിച്ച കാലമായിരിക്കുമത്. സാഹിത്യരചനകൾ വംശീയ വിേദ്വഷോൽപാദന രംഗത്ത് കേന്ദ്രീകരിക്കാനും സാധ്യതയേറെ.
ഇപ്പോൾത്തന്നെ മതേതരത്വത്തോട് പ്രതിബദ്ധത പുലർത്തുന്ന സാഹിത്യകാരന്മാരും പത്രപ്രവർത്തകരുമെല്ലാം വിലക്കുകൾക്കും വിലങ്ങുകൾക്കും ഇരയായിക്കൊണ്ടിരിക്കുകയാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ഇതര ലോകരാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിറകിലാണല്ലോ.
ഫാഷിസത്തിന്റെ അതിഭീകരമായ വംശീയ അരങ്ങേറ്റം കഴിഞ്ഞ് അര നൂറ്റാണ്ടിനുശേഷം കാര്യങ്ങളെല്ലാം കലങ്ങിത്തെളിയുമ്പോൾ രാജ്യത്തിന്റെ നഷ്ടപ്രതാപത്തെയും ശോഭനകാലഘട്ടങ്ങളെയും സംബന്ധിച്ച വിലാപസാഹിത്യങ്ങൾ പിറവിയെടുത്തേക്കാം. ലേഖനങ്ങളിലും നോവലുകളിലും കവിതകളിലുമെല്ലാം അത് പ്രതിഫലിക്കാതിരിക്കില്ല.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.