മനാമ: വേളം ഗ്രാമപഞ്ചായത്തിലെ കാക്കുനി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ദയ ഹെൽത്ത് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം വിപുലീകരിക്കുന്നു. കൂടുതൽ സൗകര്യങ്ങളോടെ ദയയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദയയുടെ തുടർ പ്രവർത്തനങ്ങൾക്കായി പ്രവാസികളുടെ സഹായം തേടുന്നതായും ഭാരവാഹികൾ പറഞ്ഞു.
2013 മുതൽ ഭിന്നശേഷി മേഖലയിലും ആതുര മേഖലയിലും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന റിഹാബിലിറ്റേഷൻ സെന്ററാണ് ദയ ഹെൽത്ത് ആൻഡ് റിഹാബിലിറ്റേഷൻ. ശാരീരിക- മാനസിക പരിമിതികൾ അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് ആധുനിക സംവിധാനത്തോടെ ശാസ്ത്രീയവിദ്യാഭ്യാസം, ചികിത്സ, തെറപ്പികൾ മറ്റനുബന്ധ സേവനങ്ങൾ എന്നിവ നൽകി വരുന്നു.
പുതിയ കെട്ടിടത്തിന്റെ സ്ഥലമെടുപ്പ്, റിഹാബിലിറ്റേഷൻ എക്യുപ്മെന്റ് തുടങ്ങിയവക്കായി ഒന്നേകാൽ കോടി രൂപയോളം ആവശ്യമായിവരും. നിലവിൽ ദയയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി വലിയ സാമ്പത്തിക ബാധ്യതയാണ് മുന്നിലുള്ളത്. ഈ സാഹചര്യത്തിലാണ് പ്രവാസികളുടെ സഹായ സഹകരണങ്ങൾ തേടുന്നതെന്നും ബഹ്റൈനിലെത്തിയ ഡോ. പി.വി. ഇസ്മായിൽ, സി.സി. റഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബഹ്റൈൻ ദയ പ്രവർത്തകരായ ആർ. പവിത്രൻ, ലത്തീഫ് ആയഞ്ചേരി, സി.എം. കുഞ്ഞബ്ദുല്ല, മൊയ്തു ഹാജി കുരുട്ടി, മുഹമ്മദ് ശാഫി വേളം, ടി.ടി. അഷ്റഫ്, മുനീർ പിലാക്കൂൽ, രജി പോറാകൂൽ, പി.എം.എ. ഹമീദ്, ഫൈസൽ കുരുട്ടി, ഫൈസൽ തറവട്ടത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.