മനാമ: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ കുവൈത്ത് ഭരണാധികാരികൾക്കും കുടുംബാംഗങ്ങൾക്കും ജനതക്കും അനുശോചനം നേർന്നു.
തന്റെ ജനങ്ങളെയും രാജ്യത്തെയും മനുഷ്യരാശിയെയും സേവിക്കുന്നതിനായി ജീവിതം സമർപ്പിച്ച ജ്ഞാനിയായ നേതാവായിരുന്നു അദ്ദേഹമെന്ന് ഭരണാധികാരികൾ ചൂണ്ടിക്കാട്ടി. അസ്സബാഹ് കുടുംബത്തോടും കുവൈത്തിലെ പ്രിയപ്പെട്ട ജനങ്ങളോടും ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നതായും സന്ദേശത്തിൽ പറഞ്ഞു.
കുവൈത്ത് അമീറിന്റെ വേർപാടിൽ രാജ്യത്ത് മൂന്നു ദിവസം ദുഃഖാചരണമായിരിക്കുമെന്ന് റോയൽ കോർട്ട് വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്ത് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന വിവിധ ആഘോഷ പരിപാടികൾ നിർത്തിവെച്ചു. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ ശനിയാഴ്ച രാത്രി നടത്താനിരുന്ന ഫയർവർക്സ് ഈ മാസം 22 ലേക്ക് മാറ്റി. മുഹറഖ് നൈറ്റ്സ് ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.