മനാമ: ബഹ്റൈനിൽനിന്ന് ഹജ്ജിന് പോകാൻ കഴിയുന്നവരുടെ എണ്ണം കുറഞ്ഞത് പ്രവാസികൾക്ക് തിരിച്ചടിയായി. മുൻകാലങ്ങളിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 6000 പേർക്കുവരെ ബഹ്റൈനിൽനിന്ന് അനുമതി ലഭിച്ചിരുന്നു. ഇത്തവണ 2,094 പേർക്ക് മാത്രമാണ് അനുമതിയുള്ളത്. ഇതിൽ വിദേശകളെ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തേ എട്ടോളം ഗ്രൂപ്പുകൾ ബഹ്റൈനിൽനിന്ന് പ്രവാസികളെ ഹജ്ജിന് കൊണ്ടുപോയിരുന്നു.
നാട്ടിൽനിന്ന് പോകുന്നതിനേക്കാൾ എളുപ്പവും ചെലവ് കുറഞ്ഞതുമാണ് ഗൾഫിൽനിന്ന് ഹജ്ജ് തീർഥാടനം നിർവഹിക്കാൻ പ്രവാസികളെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. ആറ് മാസമെങ്കിലും കാലാവധിയുള്ള വിസയും പാസ്പോർട്ടും സ്പോൺസറുടെ കത്തും മാത്രമാണ് ആവശ്യമുണ്ടായിരുന്നത്. കോവിഡ് മഹാമാരിയുടെ ഭീഷണി ഏറക്കുറെ അവസാനിച്ച സാഹചര്യത്തിൽ ഈ വർഷത്തെ ഹജ്ജിനെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാത്തിരുന്നത്. എന്നാൽ, പുതിയ നിയന്ത്രണങ്ങൾ അവരെ നിരാശയിലാക്കി. വരും വർഷങ്ങളിലും ഈ നിയന്ത്രണം തുടർന്നാൽ നാട്ടിൽനിന്ന് തന്നെ ഹജ്ജിന് പോകേണ്ടി വരുമെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് പറഞ്ഞു.
ഇത്തവണ മൊത്തം 59 ഓപറേറ്റർമാർക്കാണ് ബഹ്റൈനിൽനിന്ന് ഹജ്ജ് തീർഥാടകരെ കൊണ്ടുപോകാൻ അനുമതിയുള്ളത്. ചുരുങ്ങിയത് അഞ്ച് ഓപറേറ്റർമാർ ഒരുമിച്ച് ചേർന്നാണ് പ്രവർത്തിക്കേണ്ടത്. ഇവരിൽ ഒരു ഓപറ്റേർക്ക് മാത്രമാണ് തീർഥാടനത്തിെന്റ ചുമതല നൽകുക. ബഹ്റൈനിലെയും സൗദിയിലെയും അധികൃതരുമായി ബന്ധപ്പെടാനുള്ള ഉത്തരവാദിത്തവും ഈ ഓപറേറ്റർക്കായിരിക്കും.
സേവനം കൂടുതൽ മെച്ചപ്പെടുത്തുകയും നിരക്ക് നിയന്ത്രിക്കുകയുമാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം.
മേയ് 16നാണ് ഹജ്ജ് തീർഥാടനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
നേരത്തേ വിമാന മാർഗവും റോഡ് മാർഗവും തീർഥാടകരെ കൊണ്ടുപോയിരുന്നെങ്കിൽ ഇത്തവണ വിമാന മാർഗം മാത്രമാണ് തീർഥാടനം.
ഹജ്ജ് നിരക്കിലും ഇത്തവണ വർധനയുണ്ടായിട്ടുണ്ടെന്ന് ഫസലുൽ ഹഖ് പറഞ്ഞു. നാലു പേർ താമസിക്കുന്ന റൂം ഉൾപ്പെടെയുള്ള പാക്കേജിന് 2100 ദിനാറും മൂന്നു പേരാണെങ്കിൽ 2400 ദിനാറും രണ്ടു പേരാണെങ്കിൽ 2600 ദിനാറുമാണ് നിരക്ക്.
ദുബൈയിലും ഖത്തറിലുമെല്ലാം നേരത്തെതന്നെ പ്രവാസികൾക്കുള്ള ക്വാട്ട നിർത്തിയിരുന്നു. ഇവിടങ്ങളിൽനിന്നുള്ള പ്രവാസികൾ നാട്ടിലെ സ്വകാര്യ ഓപറേറ്റർമാർ മുഖേന ഹജ്ജിന് ബുക്ക് ചെയ്ത് യാത്ര പുറപ്പെടുന്നതിന് ഒരാഴ്ച മുമ്പ് നാട്ടിലേക്ക് പോകുന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. ഹജ്ജ് കഴിഞ്ഞ് അതത് ഗൾഫ് രാജ്യത്തേക്ക് മടങ്ങുകയും ചെയ്യും. നിരക്ക് കൂടുമെങ്കിലും സൗകര്യപ്രദമെന്ന രീതിയിലാണ് പലരും ഈ വഴി സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.