മനാമ: വിമാനയാത്രക്കിടയിൽ ലഗേജ് നഷ്ടപ്പെടാനും മാറിപ്പോകാനുമുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് വന്ന യാത്രക്കാരന്റെ ലഗേജ് നഷ്ടപ്പെട്ടിരുന്നു. ചിലപ്പോൾ മറ്റു യാത്രക്കാർ തിരക്കിനിടയിൽ മാറിയെടുത്തു പോകുന്നതായിരിക്കാം.
എങ്ങനെയായാലും ലഗേജ് നഷ്ടപ്പെട്ട യാത്രക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ലഗേജ് കിട്ടിയില്ലെങ്കിൽ എയർപോർട്ടിലുള്ള ലോസ്റ്റ് ആൻഡ് ഫൗണ്ട് കൗണ്ടറിൽ റിപ്പോർട്ട് ചെയ്യുകയാണ് ആദ്യ നടപടി.
ഇവിടെ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു റെസീപ്റ്റ് നൽകും. അത് സൂക്ഷിച്ചുവെക്കണം. ബാഗേജ് എയർപോർട്ടിൽ നൽകുമ്പോൾ ലഭിക്കുന്ന ടാഗിന്റെ കൗണ്ടർഫോയിലും ബോർഡിങ് പാസിന്റെ കൗണ്ടർ ഫോയിലും ലോസ്റ്റ് ആൻഡ് ഫൗണ്ട് കൗണ്ടറിൽ കാണിക്കേണ്ടി വരും.
ഇത് ഉണ്ടെങ്കിലേ നമുക്ക് നഷ്ടപ്പെട്ട ബാഗേജ് ക്ലെയിം ചെയ്യാനാകൂ. അതുകൊണ്ട് ലഗേജുമായി വീട്ടിൽചെന്ന് അത് നമ്മുടെ തന്നേയാണെന്ന് ഉറപ്പുവരുത്തിയശേഷമേ ലഗേജ് കൗണ്ടർഫോയിൽ ഉപേക്ഷിക്കാവൂ. മാത്രമല്ല എത്ര ലഗേജുണ്ടോ അത്രയും കൗണ്ടർഫോയിലുകൾ വാങ്ങാൻ മറക്കരുത്. ഒന്നിലധികം ലഗേജുള്ളപ്പോൾ പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല.
വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് ലഗേജ് മാറിപ്പോയി എന്നറിയുന്നത് എങ്കിൽ ലോസ്റ്റ് ആൻഡ് ഫൗണ്ട് കൗണ്ടറിൽ തിരിച്ചേൽപിക്കാം. നഷ്ടപ്പെട്ട ലഗേജ് തിരികെ ലഭിച്ചോ എന്ന് ലോസ്റ്റ് ആൻഡ് ഫൗണ്ട് കൗണ്ടറിൽ അന്വേഷിച്ചുകൊണ്ടിരിക്കുക. സാധാരണ 21 ദിവസം കഴിഞ്ഞിട്ടും ലഗേജ് തിരികെ കിട്ടിയില്ലെങ്കിൽ നഷ്ടപരിഹാരത്തിനുള്ള നടപടികൾ ആരംഭിക്കും.
ലഗേജിലുണ്ടായിരുന്ന സാധനങ്ങൾ ആദ്യം തന്നെ ലോസ്റ്റ് ആൻഡ് ഫൗണ്ട് കൗണ്ടറിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.