മനാമ: ബഹ്റൈനിലെ കലാലോകത്ത് സ്ഥിരസാന്നിധ്യമായ ദിനേശ് മാവൂർ പ്രവാസം അവസാനിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികളുടെ പിന്നിൽ സജീവമായി പ്രവർത്തിച്ച ഇദ്ദേഹം നാലുപതിറ്റാണ്ട് നീണ്ട പ്രവാസത്തിനാണ് ചൊവ്വാഴ്ച വിരാമമിട്ടത്.
ചിത്രകാരനായിരുന്ന ദിനേശ് 1981ലാണ് തൊഴിൽ തേടി ബഹ്റൈനിൽ എത്തിയത്. മുഹറഖിലെ പരസ്യ ഏജൻസിയിലായിരുന്നു ജോലി. സ്ഥാപനങ്ങളുടെ ബോർഡുകൾ എഴുതുകയും ഹോർഡിങ്ങുകൾ വരക്കുകയുമായിരുന്നു മുഖ്യ ജോലി. നിന്നുതിരിയാൻ സമയമില്ലാത്തവിധം തിരക്കുപിടിച്ച നാളുകളായിരുന്നുവത്. പിന്നീട്, കമ്പ്യൂട്ടറും സാങ്കേതിക വിദ്യയുമെല്ലാം ഈ രംഗത്തേക്ക് കടന്നുവന്നപ്പോഴാണ് തിരക്ക് കുറഞ്ഞത്. കമ്പ്യൂട്ടർ പഠിക്കുക എന്നത് ശ്രമകരമായതിനാൽ ദിനേശ് അതിന് മുതിർന്നതുമില്ല.
പിന്നീട് സമാജത്തിന്റെ ഭാഗമായപ്പോഴാണ് കലാരംഗത്ത് സജീവമായത്. നാടകങ്ങൾക്കാവശ്യമായ രംഗപടം തയാറാക്കുന്നത് ഇദ്ദേഹമായിരുന്നു. ശിൽപങ്ങളുണ്ടാക്കുന്നതിലും ഇദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഓണക്കാലത്ത് സമാജത്തിനുവേണ്ടി തയാറാക്കിയ ആനയുടെ രൂപം ഏറെ പ്രശസ്തി നേടിയിരുന്നു. മുമ്പ് അറബിക് കാലിഗ്രഫിയും ഇദ്ദേഹം സജീവമായി ചെയ്തിരുന്നു. ആദ്യകാലത്തെ സ്പോൺസറായ യൂസഫ് നബാനാണ് ഇതിന് പ്രോത്സാഹനം നൽകിയത്.
തുടർന്ന് അറബി ലിപികൾ പഠിച്ചാണ് കാലിഗ്രഫി ചെയ്തിരുന്നത്. ഖലാലിയിലെ സയാനി മോസ്കിന്റെ ഉൾവശത്ത് ഖുർആൻ വചനങ്ങൾ ആലേഖനം ചെയ്യാനും ദിനേശ് മാവൂരുണ്ടായിരുന്നു. പ്രശസ്ത കാലിഗ്രഫി വിദഗ്ധൻ ജാസിം അൽ ഹമ്മാദിയാണ് ഇതിന് ദിനേശിനെ ക്ഷണിച്ചത്.
നാട്ടിലും കലാപ്രവർത്തനം തുടരാനുള്ള തീരുമാനത്തോടെയാണ് ചൊവ്വാഴ്ച രാവിലെ ദിനേശ് മാവൂർ വിമാനം കയറിയത്. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ അഴീക്കോട് സ്വദേശിയായ ദിനേശിന്റെ ഭാര്യ ലതികയാണ്. വൈശാഖ്, ഋതിക് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.