മനാമ: നാട്ടിൽനിന്ന് മരുന്ന് കൊണ്ടുവരുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ കുഴപ്പത്തിൽപെടാൻ സാധ്യതയേറെ. ഇങ്ങനെ മരുന്ന് കൊണ്ടുവന്നവർ അടുത്തിടെ വിമാനത്താവളത്തിൽ പിടിയിലായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.നിരവധി പേർ നാട്ടിൽനിന്ന് വരുേമ്പാൾ മരുന്ന് കൊണ്ടുവരാറുണ്ട്. സ്വന്തം ആവശ്യത്തിനുള്ളതും മറ്റുള്ളവർക്കുവേണ്ടി കൊണ്ടുവരുന്നതുമുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ മരുന്ന് കൊണ്ടുവരുന്നത് നല്ലതാണെങ്കിലും അൽപം ജാഗ്രത പുലർത്തുന്നത് കുഴപ്പത്തിൽ ചാടുന്നതിൽനിന്ന് നിങ്ങളെ രക്ഷിക്കും.
നിയന്ത്രിത വിഭാഗത്തിലുള്ള ന്യൂറോ സൈക്യാട്രിക് മരുന്നുകൾ ബഹ്റൈനിലേക്ക് കൊണ്ടുവരുന്നത് അപകടകരമാണ്. ഡിപ്രഷൻ, ഉത്കണ്ഠ രോഗങ്ങൾ തുടങ്ങിയവക്കുള്ള ഇത്തരം മരുന്നുകൾ നാട്ടിൽനിന്ന് കൊണ്ടുവരുന്നതിന് കർശന നിയന്ത്രണമാണുള്ളത്. ഇവ ബഹ്റൈനിൽനിന്ന് തന്നെ വാങ്ങുന്നതാണ് സുരക്ഷിതം. ബഹ്റൈനിൽ പിങ്ക് പ്രിസ്ക്രിപ്ഷനിലാണ് ന്യൂറോ സൈക്യാട്രിക് മരുന്നുകൾ കുറിച്ചുനൽകുന്നത്. അവ അന്നുതന്നെ വാങ്ങുകയും വേണം. പിറ്റേദിവസത്തേക്ക് കുറിപ്പിന് കാലാവധിയുണ്ടാകില്ല. ദുരുപയോഗം തടയാൻ അത്രമാത്രം നിയന്ത്രണത്തോടെയാണ് ഇൗ മരുന്നുകൾ ഇവിടെ നൽകുന്നത്. ഇതൊന്നും അറിയാതെ നാട്ടിൽനിന്ന് മരുന്ന് കൊണ്ടുവന്നാൽ പിടിയിലാകുമെന്നുറപ്പാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരി മരുന്നുകൾ കൊണ്ടുവരുന്നവരുണ്ട്. ഇത് പിടിക്കപ്പെട്ടാൽ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. മരുന്ന് വാങ്ങുേമ്പാൾ തന്നെ നിയന്ത്രിത വിഭാഗത്തിലുള്ളതാണോയെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്.
ബഹ്റൈനിലേക്ക് കൊണ്ടുവരാൻ കഴിയുന്ന മരുന്നുകൾ സംബന്ധിച്ച് സംശയമുണ്ടെങ്കിൽ ഇൗ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരെയോ ഡോക്ടർമാരെയോ ബന്ധപ്പെട്ട് ഉറപ്പുവരുത്തണം.പ്രമേഹം, രക്തസമ്മർദം പോലുള്ള അസുഖങ്ങളുടെ മരുന്നുകൾ കൊണ്ടുവരാമെങ്കിലും കൂടുതൽ അളവിൽ ആയാലും പ്രശ്നമാണ്. ഡോക്ടറുടെ കുറിപ്പും ബില്ലും സഹിതം വേണം ഇവ കൊണ്ടുവരാൻ.
ഇത് രണ്ടുമില്ലാതെ മരുന്നു കൊണ്ടുവന്നാൽ കുഴപ്പത്തിലാകാൻ സാധ്യതയുണ്ട്. ബഹ്റൈനിൽനിന്നുള്ള ഡോക്ടറുടെ കുറിപ്പടിയനുസരിച്ചാണ് മരുന്ന് നാട്ടിൽനിന്ന് കൊണ്ടുവരുന്നതെങ്കിൽ അത് നാട്ടിൽനിന്ന് പ്രിൻറ് എടുത്ത് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. വിമാനത്താവളത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇൗ മുൻകരുതൽ സഹായിക്കും.നാട്ടിൽനിന്ന് വേറൊരാൾ വാങ്ങിത്തരുന്ന മരുന്നുകൾ കൊണ്ടുവരുന്നതും കരുതലോടെ വേണം. ഏതെങ്കിലും ഫാർമസിസ്റ്റിനെ കാണിച്ച് വിദേശത്തേക്ക് കൊണ്ടുപോകാൻ കഴിയുന്നതാണോയെന്ന് ഉറപ്പുവരുത്തണം.
മറ്റൊരാൾ ഏൽപിക്കുന്ന മരുന്ന് ബോട്ടിലിനുള്ളിൽ മരുന്നിന് പകരം നിരോധിത വസ്തുക്കളാണ് ഉള്ളതെങ്കിൽ കൊണ്ടുവരുന്നയാൾക്കായിരിക്കും പിടി വീഴുക. അതിനാൽ, മറ്റുള്ളവർ തരുന്ന മരുന്ന് കൊണ്ടുവരുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കണം.വിദേശത്തേക്ക് കൊണ്ടുവരാൻ അനുവാദമുള്ള മരുന്നുകൾ പരമാവധി ആറു മാസത്തേക്കുള്ളത് കരുതുന്നതായിരിക്കും ഉചിതം. പരിധിയിലധികം മരുന്ന് കൊണ്ടുവരുന്നത് വിമാനത്താവളത്തിൽ പ്രശ്നങ്ങളുണ്ടാക്കാം.കോവിഡ് കാലത്ത് ബഹ്റൈനിലെ പ്രവാസികൾക്ക് അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കുന്നതിന് നോർക്കയുടെ കീഴിൽ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മരുന്നുകൾ സംബന്ധിച്ച് ഇൗ കമ്മിറ്റിയുടെ ഉപദേശവും തേടാം. ഫോൺ: 3838 4504 (റഫീഖ് അബ്ദുല്ല)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.